അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയെ 'സി.പി.ഐ.എം അനുകൂലിയാക്കി' മനോരമ: വാര്‍ത്തയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
Kerala News
അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയെ 'സി.പി.ഐ.എം അനുകൂലിയാക്കി' മനോരമ: വാര്‍ത്തയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
ജിന്‍സി ടി എം
Tuesday, 17th July 2018, 3:04 pm

 

കോഴിക്കോട്: അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന ചേര്‍ത്തല സ്വദേശി മുഹമ്മദിനെ സി.പി.ഐ.എം അനുകൂലിയായി ചിത്രീകരിച്ചുകൊണ്ടുള്ള മലയാള മനോരമ വാര്‍ത്തയ്‌ക്കെതിരെ പ്രതിഷേധമുയരുന്നു. സി.പി.ഐ.എമ്മിനെ പരിഹസിച്ചുകൊണ്ട് മുഹമ്മദിട്ട പോസ്റ്റുകള്‍ ഉയര്‍ത്തിക്കാട്ടി ഇയാളെ പാര്‍ട്ടി അനുകൂലിയായി ചിത്രീകരിക്കാന്‍ മനോരമ പത്രം ശ്രമിക്കുകയാണെന്നാണ് സി.പി.ഐ.എം നേതാക്കളടക്കം ആരോപിക്കുന്നത്.

“അഭിമന്യു വധം: മുഖ്യപ്രതി “സൈബര്‍ സഖാവ്” എന്ന തലക്കെട്ടില്‍ മനോരമ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരിക്കുന്നത്. മുഹമ്മദ് കുറച്ചുമാസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ സി.പി.ഐ.എം അനുകൂല നിലപാട് പ്രചരിപ്പിച്ചിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

“കയ്യില്‍ പിടിച്ചത് ചെങ്കൊടിയാണെങ്കില്‍ നിവര്‍ന്നു നില്‍ക്കാന്‍ എന്റെ നെഞ്ചിന് മടിയില്ല. കാരണം ഞാനൊരു സഖാവാണ്!” സ്‌മൈലിയോടെ ഇട്ട മുഹമ്മദിന്റെ പോസ്റ്റ് ഉയര്‍ത്തിക്കാട്ടിയാണ് മനോരമ ഇയാള്‍ സി.പി.ഐ.എം അനുകൂല നിലപാട് പ്രചരിപ്പിച്ചിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഇതിനു പുറമേ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനു പിന്നാലെയിട്ട പോസ്റ്റും റിപ്പോര്‍ട്ടില്‍ ഇയാളുടെ സി.പി.ഐ.എം അനുകൂലിയാക്കാന്‍ ശ്രമിച്ചിരുന്നതായി എന്നാല്‍ മുഹമ്മദ് സി.പി.ഐ.എമ്മിനെ പരിഹസിച്ച് ഇട്ട പോസ്റ്റാണിതെന്നാണ് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍ പറയുന്നത്.

സംഘപരിവാറിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകളും മുഹമ്മദിന്റെ ഫേസ്ബുക്കില്‍ കാണാമെന്നും അതുയര്‍ത്തിക്കാട്ടി പ്രതി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എന്ന് നാളെ മനോരമ വാര്‍ത്ത കൊടുക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

” “ദേശദ്രോഹികളുടെ അവിശുദ്ധ കൂട്ടുകെട്ടിന് മുന്നില്‍ പതറാതെ പോരാടിയ ധീര സംഘപുത്രന്‍ യദിയൂരപ്പ” എന്ന് പറഞ്ഞു ബി.ജെ.പി നേതാവ് യദിയൂരപ്പയെ പരിഹസിച്ച് കൊണ്ട് ഒരു പോസ്റ്റ് കൂടെ മുഹമ്മദ് ഇട്ടിട്ടുണ്ട്. അഭിമന്യു വധക്കേസ് പ്രതി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എന്ന് ഇനി നാളെ മനോരമ വാര്‍ത്ത കൊടുക്കുമോ?മലയാള മനോരമയെ പോലെ വലിയ പാരമ്പര്യം അവകാശപ്പെടുന്ന ഒരു പത്രം ഒരിക്കലും ഇത്തരം കള്ളപ്രചരണം നടത്താന്‍ പാടില്ല.” എന്നും അദ്ദേഹം ചോദിക്കുന്നു.

മഹാരാജാസ് കോളജ് ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ മുഹമ്മദ് എസ്.ഡി.പി.ഐയുടെ സജീവ പ്രവര്‍ത്തകനാണെന്ന് നേരത്തെ തെളിവുകള്‍ സഹിതം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലക്ക് സമീപം നടുവത്ത് നഗറില്‍ ഈ വര്‍ഷം മാര്‍ച്ച് പതിനാറിന് ചേര്‍ന്ന എസ്.ഡി.പി.ഐ ബ്രാഞ്ച് സമ്മേളനത്തില്‍ മുഹമ്മദിന് ബ്രാഞ്ച് സെക്രട്ടറിയായും മുഹമ്മദ് ജിന്നയെ പ്രസിഡന്റായും തെരഞ്ഞെടുത്തിരുന്നു. എസ്.ഡി.പി.ഐയുടെ നടുവത്തൂര്‍ ബ്രാഞ്ച് സമ്മേളനത്തില്‍ മുഹമ്മദ് പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് സി.പി.ഐ.എം, ബി.ജെ.പി പാര്‍ട്ടികളെ പരിഹസിക്കുന്ന മുഹമ്മദിന്റെ പോസ്റ്റുകള്‍ വന്നത്. ഏപ്രില്‍ 27നാണ് “ഞാനൊരു സഖാവാണ്” എന്നു പറയുന്ന പോസ്റ്റ് മുഹമ്മദ് ഫേസ്ബുക്കിലിട്ടത്. ഇതിനു പിന്നാലെ മെയ് 19നാണ് മുഹമ്മദ് യെദ്യൂരപ്പയെ അനുകൂലിക്കുന്ന തരത്തിലുള്ള കുറിപ്പിട്ടുകൊണ്ട് സംഘപരിവാറിനെ പരിഹസിക്കുന്നത്. മെയ് 31ന് മുഖ്യമന്ത്രിയെ പരിഹസിക്കുന്ന കുറിപ്പും മുഹമ്മദ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. “തനിക്ക് സങ്കടം കേള്‍ക്കാന്‍ സമയമില്ല. വിനായകന്റെ അമ്മയോട് മുക്കിയ മന്ത്രി (വിജയേട്ടന്‍) ചങ്കന്‍ ഡാ, ഡബിള്‍ ഡാ..” എന്നായിരുന്നു മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള മുഹമ്മദിന്റെ കുറിപ്പ്.

എന്നാല്‍ മുഹമ്മദിന്റെ നിലപാടുകള്‍ വ്യക്തമായി പ്രതിഫലിക്കുന്ന മറ്റ് പോസ്റ്റുകള്‍ ഒഴിവാക്കി സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഉയര്‍ത്തിക്കാട്ടി മനോരമ വ്യാജ പ്രചരണം നടത്തുന്നുവെന്ന വിമര്‍ശനമാണ് സി.പി.ഐ.എം നേതാക്കളടക്കമുള്ളവര്‍ ഉന്നയിക്കുന്നത്.

വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം ഖേദം പ്രകടിപ്പിക്കണമെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. “മനുഷ്യത്വം ഇല്ലാത്ത എസ്.ഡി.പി.ഐ തീവ്രവാദികളാണ് അഭിമന്യുവിനെ കൊന്നതെന്നതിന് ഗുരുതരമായി പരിക്കേറ്റ അര്‍ജുന്‍ അടക്കം ദൃക്‌സാക്ഷികളും തെളിവുകളും ഉള്ള സാഹചര്യത്തില്‍ പോലും തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് ആരെ സഹായിക്കാനാണ്. എസ്.ഡി.പി.ഐയെ വെള്ള പൂശാനും, അഭിമന്യുവിന്റെ കൊലയ്‌ക്കെതിരെ സമൂഹമാകെ ഉയര്‍ത്തുന്ന പ്രതിരോധത്തിന് തടയിടാനും ഉത്തരവാദപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങി പുറപ്പെടരുത്. രാഷ്ട്രീയ വിരോധം തീര്‍ക്കാനായി വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കരുത്. മുഹമ്മദെന്ന എസ്.ഡി.പി.ഐ കൊലപാതകി എങ്ങനെയാണ് സൈബര്‍ സഖാവ് ആകുകയെന്ന് കേരള സമൂഹത്തോട് മറുപടി പറയേണ്ടി വരും വ്യാജ വാര്‍ത്ത ഉണ്ടാക്കിയവര്‍ക്ക്. തെറ്റിദ്ധാരണ പരത്തുകയല്ല മാധ്യമപ്രവര്‍ത്തകന്റെ കടമയെന്ന് മറ്റാരെങ്കിലും പറഞ്ഞുതരേണ്ടതല്ലല്ലോ. അവാസ്തവവും തെറ്റിദ്ധാരണാജനകവുമായ വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുമെന്ന് കരുതുന്നു. “

ജിന്‍സി ടി എം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.