| Monday, 9th October 2017, 11:00 am

'ജിഹാദികള്‍ക്കെതിരായ മുന്നേറ്റത്തിന് ആര്‍.എസ്.എസ് തുടക്കം കുറിച്ച സ്ഥലമാണ് മാറാട്'; കുമ്മനത്തിന്റെ പ്രസ്താവന വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജനരക്ഷാ യാത്രയ്ക്കിടെ മാറാട് കുമ്മനം നടത്തിയ പ്രസംഗം വര്‍ഗീയ സംഘര്‍ഷത്തിന് വഴിയൊരുക്കുന്നതിനാണെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. ജിഹാദി ഭീകരര്‍ക്കെതിരായ മുന്നേറ്റത്തിന് ആര്‍.എസ്.എസ് തുടക്കംകുറിച്ച സ്ഥലമാണ് മാറാട് എന്നാണ് പ്രസംഗത്തില്‍ കുമ്മനം പറഞ്ഞിരുന്നത്.

മുന്‍കാലങ്ങളില്‍ മാറാടുണ്ടായ സംഘര്‍ഷങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ എല്ലാ അക്രമങ്ങളുടെയും തുടക്കം ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്നാണെന്ന് വ്യക്തമാണ്. 1986 ല്‍ ബേപ്പൂരിലുണ്ടായ സംഘര്‍ഷത്തിന്റെ തുടക്കം ബിച്ചിക്കോയ എന്ന മത്സ്യത്തൊഴിലാളിയെ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയതായിരുന്നെന്ന് സി.പി.ഐ.എം പറയുന്നു.

2002ല്‍ മാറാട് കലാപത്തിന് തുടക്കമിട്ടതും ആര്‍.എസ്.എസ്-ബി.ജെ.പി സംഘം തന്നെയായിരുന്നു. പരീച്ചന്റകത്ത് കുഞ്ഞിക്കോയ എന്നയാളെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്.

സി.പിഐ.എമ്മും മറ്റ് ജനാധിപത്യ മതനിരപേക്ഷ ശക്തികളും നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് മാറാട് സമാധാന അന്തരീക്ഷം തിരിച്ചുകൊണ്ടുവരാനായത്. ജിഹാദികള്‍ക്കെതിരായ പോരാട്ടത്തിന് ആഹ്വാനംചെയ്യുന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം 1991ല്‍ ഇതേ ജിഹാദികളുമായി സഖ്യം ഉണ്ടാക്കിയത് ആരും മറക്കാനിടയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

ആര്‍.എസ്.എസിന്റെ വര്‍ഗീയ അജണ്ടയെ ശക്തമായി എതിര്‍ത്തു പോരുന്നത് സി.പി.ഐ.എം ആണെന്നതുകൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തകരായ പേരോത്ത് രാജീവ്, മണ്ണടത്ത് സജീഷ് എന്നിവരെ ബേപ്പൂരില്‍ ആര്‍.എസ്.എസ്-ബി.ജെ.പി സംഘം കൊലപ്പെടുത്താന്‍ തയ്യാറായത്.

വര്‍ഗീയ വികാരം ഇളക്കിവിട്ട് കലാപത്തിന് തിരികൊളുത്തുന്നതിന് പറ്റിയ പ്രദേശമാണെന്ന മുന്‍കാല അനുഭവത്തില്‍നിന്നായിരിക്കും കുമ്മനത്തിന്റെ പുതിയ പ്രതികരണം. കലാപം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ മുഴുവന്‍ വിഭാഗം ജനങ്ങളും ജാഗ്രതപാലിക്കണമെന്ന് സി.പിഐ.എം ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more