[] ന്യൂദല്‍ഹി: ഗുജറാത്തിലെ നര്‍മദ ഡാമിന്റെ ഉയരം കൂട്ടാനുള്ള തീരുമാനത്തില്‍ പിന്മാറണമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യറോ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ ഉയരം 138.5 മീറ്റര്‍ ആയി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ഉത്തരവിന് കടകവിരുദ്ധമാണെന്ന് പോളിറ്റ്ബ്യൂറോയുടെ പ്രസ്താവനയില്‍ പറയുന്നു.
ആശ്വാസപുനരധിവാസ നടപടി പൂര്‍ത്തിയാക്കിയ ശേഷമേ ഇത്തരം നടപടികള്‍ സ്വീകരിക്കാവൂ എന്ന സുപ്രീംകോടതി വിധിന്യായത്തെയാണ് കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. പദ്ധതിയുടെ ദോഷം അനുഭവിക്കുന്നവര്‍ക്ക് സാധാരണജീവിതവും പുനരധിവാസവും ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.
മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ആദിവാസികള്‍ ഉള്‍പ്പെടെയുള്ള രണ്ടരലക്ഷം വരുന്ന ജനവിഭാഗങ്ങളുടെ ആവലാതി മറികടന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇത് നിയമവിരുദ്ധവും അധാര്‍മികവുമാണ്.
കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി പറയുന്നത് സാമൂഹ്യനീതി മന്ത്രാലയത്തിന്റെയും മറ്റ് വിഭാഗങ്ങളുടെയും റിപ്പോര്‍ട്ട് അനുസരിച്ച് പുനരധിവാസപ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ടെന്നാണ്. ഇതിന് യാഥാര്‍ഥ്യവുമായി ബന്ധമില്ല. ഈ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച് ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
പ്രധാനമന്ത്രി പാവങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്ന് പറയുമ്പോഴും ആയിരക്കണക്കിന് പാവങ്ങളുടെ ജീവിതത്തെ തകര്‍ക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുകയാണ്- പ്രസ്ഥാവനയില്‍ പറയുന്നു.