തിരുവനന്തപുരം: 2016 ഓടെ കേരളത്തിലെ കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക് വിട്ടു കൊടുക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിച്ച് വെള്ളം കച്ചവടം നടത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭമുയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.[]
കുടിവെള്ള വിതരണത്തിന്റെ ഉത്തരവാദിത്തം കമ്പനിക്ക് നല്‍കിയാല്‍ ജല അതോറിറ്റി ഇല്ലാതാകും. കുടിവെള്ളത്തിന്റെ വില കൂടും. ആയിരം ലീറ്ററിന് 250 രൂപ വിലയാകുമെന്നും പിണറായി പറഞ്ഞു. പെരിയാറും മലമ്പുഴയും വില്‍ക്കാന്‍ ശ്രമിച്ചവരാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുടിവെള്ളത്തിന് സബ്‌സിഡി അനുവദിക്കാനാവില്ലെന്നാണ് കേന്ദ്രം പറയുന്നത്.
മഴ കുറഞ്ഞതു മൂലം കേരളത്തില്‍ വരള്‍ച്ച ശക്തമാകുകയും രൂക്ഷമായ കുടിവെള്ള പ്രതിസന്ധി നേരിടുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ നിസംഗത പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വരള്‍ച്ചാ കുടിവെള്ള പ്രശ്‌നങ്ങള്‍ നേരിടാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക, ഭൂമിക്കും പാര്‍പ്പിടത്തിനും വേണ്ടിയുള്ള അവകാശം, വിലക്കയറ്റം തടയുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, ആരോഗ്യവിദ്യാഭ്യാസരംഗത്തെ സൗകര്യങ്ങള്‍, തൊഴിലും സാമൂഹ്യനീതിയും ഉറപ്പുവരുത്തുക, അഴിമതി തടയുക, കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രതിസന്ധികള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടി കേരളത്തില്‍ പ്രക്ഷോഭം ശക്തമാക്കും. കേന്ദ്ര സര്‍ക്കാരിനെതിരായ നടന്ന അഖിലേന്ത്യാ ജാഥയുടെ തുടര്‍ച്ചയായിട്ടാണ് സമരമെന്നും പിണറായി വിശദീകരിച്ചു.
സമരത്തിന്റെ ഭാഗമായി മെയ് 20 മുതല്‍ 25വരെ സംസ്ഥാനത്തെ എല്ലാ താലൂക്ക് ഓഫീസുകളും സി.പി.ഐ.എം. പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ഉപരോധിക്കും. ഇതിന്റെ മുന്നോടിയായി എല്ലാ ഏരിയകളിലും കാല്‍നടപ്രചാരണ ജാഥകളും സംഘടിപ്പിക്കുമെന്നും പിണറായി പറഞ്ഞു.