'ന്യായത്തിനു വേണ്ടിയല്ല സമരം നടക്കുന്നത്'; ഗെയില്‍ സമരത്തെ തള്ളി സി.പി.ഐ.എം
Kerala
'ന്യായത്തിനു വേണ്ടിയല്ല സമരം നടക്കുന്നത്'; ഗെയില്‍ സമരത്തെ തള്ളി സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd November 2017, 5:24 pm

കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈനിനെതിരെ നടക്കുന്ന ജനകീയ സമരത്തെ തള്ളി സി.പി.ഐ.എം. സമരം ന്യായത്തിനു വേണ്ടിയല്ല നടക്കുന്നതെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. അരാജകത്വം വളര്‍ത്തുന്നതിനു വേണ്ടിയാണ് എസ്.ഡി.പി.ഐയും സോളിഡാരിറ്റിയും സമരം നടത്തുന്നതെന്നും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.


Also Read: ‘പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില’; മുക്കത്ത് ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ നിര്‍മാണ്ണം പുനരാരംഭിച്ചു


“ഗെയില്‍ പൈപ്പ് ലൈന്‍ പോകേണ്ടത് കേരളത്തിന്റെ വികസനത്തിനു ആവശ്യമാണ്. അരാജകത്വം വളര്‍ത്തുന്നതിനു വേണ്ടിയാണ് എസ്.ഡി.പി.ഐയും സോളിഡാരിറ്റിയും സമരം നടത്തുന്നത്, അക്രമം നടത്തുന്നത്. മുസ്‌ലിം ലീഗ് ഇത്തരക്കാരുടെ അര്‍ധ സഹോദരനാണ്.”

“ഭൂമി പോകുന്നവരുടെ വേവലാതി മനസിലാക്കാം. അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് പാര്‍ട്ടി നയം. ആശങ്കയകറ്റാന്‍ സി.പി.ഐ.എം വിശദീകരണ യോഗം നടത്തും” അദ്ദേഹം പറഞ്ഞു.

നേരത്തെ ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു. കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങള്‍ വിഴിഞ്ഞത്തും മറ്റിടങ്ങളിലും നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വിഴിഞ്ഞത്ത് സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയുള്ളു എന്ന നിലപാട് പുനഃപരിശോധിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു.


Dont Miss: കമല്‍ഹാസന്റെ മാനസികനില തെറ്റിയിരിക്കുകയാണ്, ചികിത്സ വേണം; താരം മാപ്പു പറയണമെന്നും ബി.ജെ.പി നേതാവ്


അതേസമയം മുക്കത്ത് പ്രതിഷേധങ്ങള്‍ക്കിടെയും ഗെയില്‍ വാതക പൈപ്പ് ലൈനിനായുള്ള പണികള്‍ പുനരാരംഭിച്ചിരിക്കുകയാണ്. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരിക്കുന്നത്.