കൊവിഡിനു മുന്‍പ് തന്നെ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ട കേന്ദ്രത്തിന്റെ കഴിവുകേടിനെ 'ദൈവത്തിന്റെ ഇടപെടല്‍' ആണെന്ന് പഴിപറയുന്ന രീതി അംഗീകരിക്കാനാവില്ല; സി.പി.ഐ.എം
ന്യൂദല്‍ഹി: ജി.എസ്.ടി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് സ്വീകരിച്ചിരിക്കുന്ന നിലപാടിനെതിരെ സി.പി.ഐ.എം
2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന സര്‍ക്കാരുകളുടെ കുടിശ്ശിക അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം ക്രൂരമാണെന്നാണ് സി.പി.ഐ.എം പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങളുടെ ജി.എസ്.ടി വരുമാനക്കുറവ് ഏകദേശം 2.35 ലക്ഷം കോടി രൂപയാണ്. ഈ വിടവ് നികത്താന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കടം വാങ്ങാന്‍ സംസ്ഥാനങ്ങളോട് പറയുന്നത് അസഹ്യമാണ്.ജി.എസ്.ടി കുടിശ്ശിക അടയ്ക്കുന്നതിനുള്ള ചുമതല നിറവേറ്റുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയമപരമായി ബാധ്യസ്ഥരാണ്.
ആവശ്യമെങ്കില്‍, കേന്ദ്രസര്‍ക്കാര്‍ കടം വാങ്ങുകയും സംസ്ഥാനങ്ങള്‍ക്ക് അവരുടെ കുടിശ്ശിക നല്‍കുകയും വേണം, കടം വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരുകളെ നിര്‍ബന്ധിക്കാന്‍ കഴിയില്ല, പ്രസ്താവനയില്‍ പറയുന്നു.
കൊവിഡ് വരുന്നതിനുമുമ്പുതന്നെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ട ശേഷം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയാത്തതിന് ‘ദൈവിക ഇടപെടല്‍’ എന്നുപറയുന്ന രീതി അംഗീകരിക്കാനാവില്ലെന്നും കേന്ദ്രത്തിന്റെ ഈ നിലപാട് അന്യായവും തെറ്റിദ്ധാരണ പരത്തുന്നതും ആണെന്നും പ്രസ്താവനയില്‍ പറയുന്നു. സംസ്ഥാനങ്ങളോടുള്ള നിയമപരമായ ബാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ നിറവേറ്റണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക