തിരുവനന്തപുരം: മീഡിയ വണ്ണിനെതിരായ കേന്ദ്രനടപടിയില്‍ പ്രതിഷേധം വ്യക്തമാക്കി സി.പി.ഐ.എം. പത്രക്കുറിപ്പിലൂടെയാണ് സി.പി.ഐ.എം വിഷയത്തില്‍ തങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കുന്നത്.
മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം നിര്‍ത്തിവെയ്പ്പിച്ചതെന്ന് സി.പി.ഐ.എം പ്രസ്താവനയില്‍ പറയുന്നു.
‘മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം നിര്‍ത്തിവെയ്പ്പിച്ചത്. ഓരോരോ മാധ്യമ സ്ഥാപനങ്ങളെയായി വരുതിയിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മീഡിയവണ്ണിന്റെ സംപ്രേക്ഷണം നിര്‍ത്തിവെയ്ക്കാന്‍ നല്‍കിയ നിര്‍ദ്ദേശം അപലപനീയവും, പ്രതിഷേധാര്‍ഹവുമാണ്,’ സി.പി.ഐ.എം വ്യക്തമാക്കുന്നു.
അതേസമയം, മീഡിയ വണ്ണിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് ഹൈക്കോടതി മരവിപ്പിച്ചിരുന്നു. രണ്ട് ദിവസത്തേക്കാണ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്നായിരുന്നു മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍ ഔദ്യോഗിക പേജിലൂടെ അറിയിച്ചത്. ഉത്തരവിനെതിര മീഡിയ വണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രമോദ് രാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ മീഡിയ വണ്ണിനെതിരായ കേന്ദ്ര നടപടിയില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു.
നേരത്തെയും മീഡിയ വണ്ണിന് സംപ്രേക്ഷണത്തിന് വിലക്ക് ഉണ്ടായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
2020 മാര്‍ച്ച് ആറാം തിയതിയാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ഉത്തരവിറക്കിയത്.
ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ചാനലുകളെ 48 മണിക്കൂര്‍ വിലക്കിയതെന്നാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് അന്ന് നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
കേബില്‍ ടി.വി നെറ്റ് വര്‍ക്ക് റെഗുലേഷന്‍ ആക്ട് ലംഘിച്ചെന്ന കാരണമായിരുന്നു നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറായ പി.ആര്‍ സുനില്‍ കലാപം നിരന്തരം റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് എഷ്യാനെറ്റിന് അയച്ചിരിക്കുന്ന നോട്ടീസില്‍ പറഞ്ഞിരുന്നത്.
Content Highlight: CPIM against central government’s action to stop the broadcasting of Media One TV