| Saturday, 19th September 2020, 9:20 am

കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ താത്പര്യത്തിനായി ഉപയോഗിക്കുന്നു; കേന്ദ്രത്തിനെതിരെ ഇടതു മുന്നണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ താത്പര്യത്തിനായി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നെന്ന് ഇടതുമുന്നണി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

അന്വേഷണ ഏജന്‍സികള്‍ക്കെതിരല്ല, പകരം അവരെ ഉപയോഗിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെയാവണം നിലപാട് കടുപ്പിക്കേണ്ടതെന്നും യോഗത്തില്‍ വിലയിരുത്തിയതായും മനോരമ റിപ്പോര്‍ട്ട് ചെയ്തു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും ജലീലിനെ ചോദ്യം ചെയ്തതിലും സര്‍ക്കാര്‍ പ്രതിരോധത്തിലാകരുതെന്നും പ്രത്യാഘാതം നടത്തണമെന്നുമുള്ള നിലപാടാണ് സി.പി.ഐ യോഗത്തില്‍ സ്വീകരിച്ചത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എം ഒറ്റക്കാണെന്ന തരത്തില്‍ പ്രചരണങ്ങള്‍ വരുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ മുന്നണി ഒറ്റക്കെട്ടാണെന്ന് ബോധ്യപ്പെടുത്തണമെന്നും സി.പി.ഐ യോഗത്തില്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ജെ.ഡി.യു പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ നിയോഗിച്ച് ആ സംസ്ഥാനങ്ങളെ പ്രതിരോധത്തിലാക്കാനുള്ള ശ്രമങ്ങള്‍ എല്ലാ സര്‍ക്കാരുകളുടെ കാലത്തും ഉണ്ടാകാറുണ്ട്. അത്തരമൊരു ശ്രമം തന്നെയാണ് ഇപ്പോള്‍ നടക്കുന്നതെന്നും യോഗത്തില്‍ വിലയിരുത്തി.

തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കൂടുതല്‍ നീക്കങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും യോഗത്തില്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കുമെന്ന പ്രതീക്ഷയില്‍ പ്രചാരണ പരിപാടികള്‍ ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. ഒക്ടോബര്‍ മുതലായിരിക്കും പഞ്ചായത്ത് തല ക്യാംപയിനിംഗ് ആരംഭിക്കുക.

അതേസമയം ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തില്ല. ജോസ് കെ. മാണി വിഭാഗം നിലപാട് എടുക്കുന്നതിനനുസരിച്ചാകും ചര്‍ച്ചയെന്ന് സി.പി.ഐ.എം കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM against central government over gold smuggling case

We use cookies to give you the best possible experience. Learn more