തിരുവനന്തപുരം: ബാര്‍ കോഴ വിവാദം സി.ബി.ഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ അഭിപ്രായത്തെ തള്ളി സി.പി.ഐ.എം. ബാര്‍ കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാണ് സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ബാഹ്യ ഇടപെടല്‍ ഒഴിവാക്കാന്‍ ഇതാണ് ഉചിതമെന്നാണ് കേന്ദ്രനേതൃത്വം അഭിപ്രായപ്പെട്ടത്.
സി.ബി.ഐ അന്വേഷണം നടത്തിയാല്‍ അത് സ്വാധീനിക്കപ്പെടാന്‍ ഇടയുണ്ട്. അതിനാല്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് നല്ലത്. ഈ വിഷയത്തില്‍ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതാണെന്നും കേന്ദ്രനേതൃത്വം ചൂണ്ടിക്കാട്ടി.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു. കേസ് ധനമന്ത്രി കെ.എം മാണി ഉള്‍പ്പെട്ട സംസ്ഥാന ഭരണത്തിന്റെ കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ വസ്തുതകള്‍ പുറത്തുവരില്ല എന്നതാണ് സി.ബി.ഐ അന്വേഷണത്തിന് ന്യായമായി വി.എസ് നിരത്തിയത്.
അഴിമതി ആരോപണം വന്നയുടന്‍ വി.എസ് സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും വിജിലന്‍സ് അന്വേഷണത്തിന് രേഖാമൂലം വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ വി.എസിന്റെ നിലപാടിനെ തള്ളുന്ന സമീപനമാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വീകരിച്ചത്. സി.ബി.ഐയെ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയുമെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം ഫലപ്രദമാകില്ലെന്നുമാണ് പിണറായി പറഞ്ഞത്. പിണറായിയുടെ നിലപാടിനെ ശരിവെച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും രംഗത്തെത്തിയിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ നിലപാടി തള്ളി സി.ബി.ഐ അന്വേഷണം വേണമെന്ന് വി.എസ് ഊന്നിപ്പറഞ്ഞിരുന്നു.