ഇംഫാല്‍: മണിപ്പൂരിലെ കലാപങ്ങളുടെ ഉത്തരവാദികള്‍ ബി.ജെ.പിയും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബീരേന്‍ സിങ്ങുമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ക്ഷേത്രിമയും ശാന്ത. ബീരേന്‍ സിങ് ഏകപക്ഷീയമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ദേശാഭിമാനിയോട് പറഞ്ഞു. മണിപ്പൂരില്‍ നിന്നുള്ള പ്രതിപക്ഷപാര്‍ട്ടി സംഘത്തിന്റെ ഭാഗമായി ദല്‍ഹിയില്‍ എത്തിയതായിരുന്നു അദ്ദേഹം.
‘ജനങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തിയത് ബി.ജെ.പിയുടെ നയങ്ങളും കുതന്ത്രങ്ങളുമാണ്. മുഖ്യമന്ത്രി ഏകപക്ഷീയമായാണ് പ്രവര്‍ത്തിക്കുന്നത്.
മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. 50 ദിവസമായി കലാപം തുടരുന്നു. എന്നിട്ടും മുഖ്യമന്ത്രി പൊലീസ് സംവിധാനത്തെ വേണ്ടവിധം ഉപയോഗിച്ചില്ല. പൊലീസിന്റെ ആയുധശാലകളില്‍നിന്ന് നാലായിരത്തില്‍പ്പരം തോക്കുകളാണ് അക്രമികള്‍ കൊള്ളയടിച്ചത്. ഇതിന് വിശദീകരണം നല്‍കാനും തോക്കുകള്‍ വീണ്ടെടുക്കാനും സാധിച്ചില്ല,’ അദ്ദേഹം പറഞ്ഞു.
കുക്കികളെ മയക്കുമരുന്ന് മാഫിയയുടെ ആളുകളായും കാട്ടുകള്ളന്മാരായും ചിത്രീകരിക്കുകയാണെന്നും ക്ഷേത്രിമയും പറഞ്ഞു. അവര്‍ക്കെതിരെ വ്യാപക പ്രചാരണം നടന്നെന്നും എന്നാല്‍ മെയ്തികളുടെ ആധിപത്യമാണ് മയക്കുമരുന്ന് മാഫിയയും വനം കൊള്ളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വനങ്ങളില്‍ കൃഷി ചെയ്യുന്ന കുക്കികളെ ഏകപക്ഷീയമായി കുടിയൊഴിപ്പിക്കുന്നു. കുക്കികളെ വിദേശികളായി ചിത്രീകരിച്ച് ബി.ജെ.പി ധ്രുവീകരണ രാഷ്ട്രീയം പയറ്റുകയാണ്. ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കാതെ കുറുക്കു വഴികളിലൂടെ രാഷ്ട്രീയ ആധിപത്യം നേടാന്‍ ബി.ജെ.പി നടത്തിയ ശ്രമങ്ങളാണ് മണിപ്പൂരില്‍ കാണുന്നത്,’ ക്ഷേത്രിമയും പറഞ്ഞു.
മണിപ്പൂര്‍ സംഭവവികാസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കാന്‍ മോദി തയ്യാറാകണമെന്നും യെച്ചൂരി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ മണിപ്പൂരില്‍ വിപരീത ദിശകളിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ബിരേന്‍ സിങ്ങിനെ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം മണിപ്പൂരിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധി സംഘം പത്ത് ദിവസമായി ദല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ പ്രതിപക്ഷത്തെ കാണാതെ മോദി അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെട്ടു.
content highlights: cpim against biren singh in manippur violence