ജസ്റ്റിസ് ദാവേയുടെ പ്രസ്താവന അസംബന്ധം; രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം
Daily News
ജസ്റ്റിസ് ദാവേയുടെ പ്രസ്താവന അസംബന്ധം; രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th August 2014, 11:52 am

A R Dave[] ന്യൂദല്‍ഹി: സ്‌കൂളുകളില്‍ ഗീതയും മഹാഭാരതവും നിര്‍ബന്ധിത പാഠ്യവിഷയമാക്കണമെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എ.ആര്‍ ദാവേയുടെ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ.എം രംഗത്ത്.  പ്രസ്താവന അസംബന്ധവും അനാവശ്യവുമാണെന്ന് സി.പി.ഐ.എം നേതൃത്വം വിമര്‍ശിച്ചു.

മതപഠനം നിര്‍ബന്ധിതമാക്കുന്നത് ഭരണഘടനയില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള അടിസ്ഥാന മതേതരനിയമങ്ങളുടെ ലംഘനമാണ്. സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ മതപഠനം ഏര്‍പ്പെടുത്തണമെന്നതിലൂടെ ജസ്റ്റിസ് ദാവെ എന്താണ് വാദിക്കുന്നതെന്നും പാര്‍ട്ടി നേതൃത്വം ചോദിച്ചു. പോളിറ്റ് ബ്യൂറോ ഇറക്കിയ പ്രസ്താവനയിലാണ് ദാവേക്കെതിരെയുള്ള വിമര്‍ശനം.

ഭഗവദ്ഗീതയും മഹാഭാരതവും സ്‌കൂളുകളില്‍ പാഠ്യവിഷയമാക്കണമെന്ന വാദെയുടെ ആശയം അസംബന്ധവും അനാവശ്യവുമാണ്. ജനാധിപത്യ രാജ്യമായ ഇന്ത്യന്‍ ഭരണഘടനയിലെ മതേതര മൂല്യങ്ങള്‍  മുറുകെ പിടിക്കേണ്ട ജഡ്ജി തന്നെ അതിനെതിരെ സംസാരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി.

താന്‍ ഒരു സ്വേച്ഛാധിപതിയാണെങ്കില്‍ ഒന്നാം ക്ലാസുമുതല്‍ കുട്ടികളെ മഹാഭാരതവും ഭഗവത്ഗീതയും പഠിപ്പിക്കാന്‍ ഉത്തരവു നല്‍കുമായിരുന്നു എന്നാണ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.ആര്‍ ദാവേ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നത്. ഗുരുശിഷ്യ ബന്ധങ്ങളുള്‍പ്പെടെയുള്ള നല്ല പാരമ്പര്യങ്ങള്‍  നശിച്ചുപോയെന്നും ആ പാരമ്പര്യങ്ങള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ ഇന്ത്യയില്‍ ആക്രമണവും തീവ്രവാദവുമൊന്നും ഉണ്ടാവുമായിരുന്നില്ല എന്നാണ്‌  അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.

മാത്രവുമല്ല ഇന്ന് മതേതരവാദികള്‍ എന്നു പറയുന്നവര്‍ ഈ ഗ്രന്ഥങ്ങള്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

ദാവേയുടെ ഭഗവത്ഗീതാ പരാമര്‍ശത്തിനെതിരെ ശക്തമായ നിലപാടുമായി സുപ്രീം കോടതി മുന്‍ന്യായാധിപനും പ്രസ്‌ കൗണ്‍സില്‍ ഓഫ് ഇന്ത്യാ ചെയര്‍മാനുമായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഠ്ജു  നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതരത്വത്തിനും ഭരണഘടനയ്ക്കും ജസ്റ്റിസ് ദാവേയുടെ പ്രസ്താവന ഭീഷണിയാണെന്നായിരുന്നു കഠ്ജുവിന്റെ വിമര്‍ശനം.

ദാവേയുടെ പ്രസ്താവന ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇന്ത്യയുടെ മതേതര മൂല്യങ്ങളെ തകര്‍ക്കാനുള്ള ഗൂഢമായ ശ്രമമാണെന്നും ദാവേ ഇന്ത്യയുടെ സ്വേച്ഛാധിപതിയാവാതിരുന്നത് എന്തുകൊണ്ടും നന്നായി എന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലെ വ്യാപക പ്രതികരണം.