| Monday, 21st October 2024, 2:48 pm

പി. സരിന്‍ രാഷ്ട്രീയ മിതത്വം പാലിക്കണമെന്ന് സി.പി.ഐ.എം നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് നിയമസഭ മണ്ഡലം ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായ പി.സരിനിനോട് രാഷ്ട്രീയ മിതത്വം പാലിക്കണമെന്ന് സി.പി.ഐം.എം നേതൃത്വം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രചരണ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നാണ് സി.പി.ഐ.എമ്മിന്റെ നിര്‍ദേശം. കഴിഞ്ഞ തവണ ഷാഫി പറമ്പില്‍ ജയിച്ചത് സി.പി.ഐ.എമ്മിന്റെ വോട്ട് നേടിയാണെന്ന് സരിന്റെ വാര്‍ത്ത സമ്മേളനത്തിലെ പരാമര്‍ശമാണ് വിമര്‍ശനത്തിനിടയാക്കിയത്.

എന്നാല്‍ പിന്നീട് സരിന്‍ തന്റെ പരാമര്‍ശങ്ങള്‍ ആ അര്‍ത്ഥത്തില്‍ അല്ലെന്ന തരത്തില്‍ ന്യായീകരിക്കാന്‍ ശ്രമിച്ചിരുന്നു. സി.പി.ഐ.എമ്മിന്റെ മതേതര വോട്ടുകള്‍ ഷാഫി പറമ്പിലിന്റെ കുബുദ്ധി കാരണം യു.ഡി.എഫിന് കിട്ടിയെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് സരിന്‍ പറഞ്ഞെങ്കിലും അത് അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

മാധ്യമങ്ങളെ കാണുന്നതിലും സംസാരിക്കുന്നതിലും മിതത്വം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. പ്രചാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാമെങ്കിലും അതിനപ്പുറത്തേക്ക് രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കരുതെന്നാണ് നിര്‍ദേശം. വാക്കാലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് സൂചന.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് നിയമസഭ മണ്ഡലം സ്ഥാനാര്‍ത്ഥിയായി യു.എഡി.എഫ് പ്രഖ്യാപിച്ചതിനെതിരെ സരിന്‍ പത്രസമ്മേളനം നടത്തി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നിരന്തരം വിമര്‍ശമനമുന്നയിച്ചതോടെയാണ് സരിനെ കോണ്‍ഗ്രസ് പുറത്താക്കുന്നത്. തുടര്‍ന്ന് സി.പി.ഐ.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് സരിന്‍ അറിയിച്ചതോടെ സരിനെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

Content Highlight: CPIM advises P.Sarin to observe political moderation

We use cookies to give you the best possible experience. Learn more