| Sunday, 8th April 2018, 2:25 pm

ബംഗാളില്‍ സി.പി.ഐ.എം നേതാവിന്റെ ഭാര്യയെ പൊതുനിരത്തില്‍വെച്ച് ആക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മുന്‍ എം.എല്‍.എ കൂടിയായ സി.പി.ഐ.എം നേതാവിന്റെ ഭാര്യയ്ക്കുനേരെ പൊതുനിരത്തില്‍ ആക്രമണം. ആക്രമണത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സി.പി.ഐ.എം ആരോപിച്ചു.

സി.പി.ഐ.എം നേതാവായ ബിശ്വനാഥ് കരക്കിന്റെ കുടുംബത്തിനുനേരെയാണ് ആക്രമണമുണ്ടായത്. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകവേ അറംബാഗില്‍വെച്ചായിരുന്നു ഇവര്‍ക്കുനേരെ ആക്രമണമുണ്ടായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകന്റെ ഭാര്യയും ആക്രമണത്തിന് ഇരയായി.

കഴിഞ്ഞദിവസങ്ങളിലും പശ്ചിമബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകവെ പ്രതിപക്ഷ കക്ഷികളുടെ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു. ശനിയാഴ്ച പ്രതിപക്ഷകക്ഷികളെയും മാധ്യമപ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തി അലിപോര്‍ ജില്ലാ കോംപ്ലക്‌സിനു മുമ്പില്‍ സായുധരായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലകൊണ്ടിരുന്നു.

നോമിനേഷന്‍ സ്വീകരിച്ചു തുടങ്ങുന്ന സമയം മുതല്‍ തന്നെ അഡ്മിനിസ്‌ട്രേറ്റീവ് കോംപ്ലെക്‌സിനു മുമ്പില്‍ നിലയുറപ്പിച്ച ഇവര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളെ പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകരെപ്പോലും വെറുതെ വിട്ടിരുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ ക്യാമറകളും മൊബൈല്‍ ഫോണുകളും ഉപയോഗിക്കുന്നതും ഇവര്‍ തടഞ്ഞു.

ബംഗാളിലെ പ്രമുഖ സി.പി.ഐ.എം നേതാവും മുന്‍ എം.എല്‍.എയുമായ ബസുദേവ് ആചാര്യയും കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ടിരുന്നു. കാശിപൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പ്രവര്‍ത്തകര്‍ക്കൊപ്പം പോകവേയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്.


Also Read: നാളത്തെ ദളിത് സമരത്തെ പൊലീസിനെ ഉപയോഗിച്ച് അക്രമത്തിലേക്ക് തള്ളിവിടുമെന്ന് ഭയം: നടക്കുന്നത് ദളിത് പോരാട്ടം തകര്‍ക്കാനുള്ള ശ്രമങ്ങളെന്നും സണ്ണി എം. കപിക്കാട്


ബംഗാളിലെ പുരുലിയ ജില്ലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുകൂടിയായ ഈ 75 കാരനെ നിലത്തേക്ക് വലിച്ചിടുകയും വടികള്‍ ഉപയോഗിച്ച് തല്ലിച്ചതക്കുകയുമായിരുന്നു. അദ്ദേഹമിപ്പോള്‍ ചികിത്സയിലാണ്.

ബംഗാളില്‍ അടുത്തമാസം ഒന്ന്, മൂന്ന്, അഞ്ച് തിയ്യതികളിലായി പഞ്ചായത്ത് തെരഞ്ഞെടുപ്പു നടക്കാനിരിക്കെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. പത്രിക സമര്‍പ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി നേരത്തെ ബി.ജെ.പിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more