| Monday, 5th October 2020, 9:23 am

സനൂപ് കൊലപാതകം: നാല് പ്രതികളെ തിരിച്ചറിഞ്ഞു; പാര്‍ട്ടിയുടെ സ്വാധീനം തകര്‍ക്കാനുള്ള കൊലപാതകമെന്ന് മന്ത്രി എ.സി മൊയ്തീന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുന്നംകുളം: സി.പി.ഐ.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. അക്രമിസംഘത്തില്‍ എട്ട് പേരാണ് ഉണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.

ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നന്ദന്‍, സതീഷ്, ശ്രീരാഗ്, അഭയ്‌രാജ് എന്നീ നാല് പേരാണ് അക്രമത്തില്‍ നേരിട്ട് പങ്കെടുത്തതെന്ന് ഇവര്‍ പറഞ്ഞു. ഇവര്‍ക്ക് ബി.ജെ.പി – ബജ്‌റംഗ് ദള്‍ സംഘടനയുമായി നേരിട്ട് ബന്ധമുണ്ടെന്നും ക്രിമിനല്‍ പശ്ചാത്തലത്തമുള്ളവരാണ് ഇവരെന്നും മൊഴിയില്‍ പറയുന്നു.

ചിറ്റിലങ്ങാട് സെന്ററിന് സമീപം ഞായറാഴ്ച രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ചശേഷം മടങ്ങുമ്പോഴായിരുന്നു സനൂപിനും മറ്റുള്ളവര്‍ക്കും നേരെ ആക്രമണമുണ്ടായത്.

നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സനൂപ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റ വിപിന്‍, ജിത്തു, അഭിജിത്ത് എന്നിവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ നല്‍കിയ മൊഴികളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

നന്ദന്‍ എന്നയാള്‍ സനൂപിനെ ആദ്യം കുത്തിവീഴത്തുകയായിരുന്നെന്നും വയറിനും നെഞ്ചിനും ഇടയിലാണ് കുത്തിയതെന്നും മൊഴിയില്‍ പറയുന്നു. അതിനുശേഷം മറ്റു മൂന്ന് പേരെയും ഓടിച്ചിട്ട് കുത്തുകയായിരുന്നു എന്നാണ് ഇവരും ദൃക്‌സാക്ഷികളും പറയുന്നത്.

മുന്നൂറ് മീറ്റര്‍ ദൂരത്തോളം ഇവരെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നും സംഘത്തിന്റെ കൈയ്യില്‍ നിരവധി ആയുധങ്ങളുണ്ടായിരുന്നെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമിസംഘം കാറില്‍ കയറി രക്ഷപ്പെട്ടു. ഈ കാര്‍ കുന്നംകുളം താലൂക്ക് ആശുപത്രി പരിസരത്ത് നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.

സനൂപിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച എ.സി മൊയ്തീന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചിറ്റിലങ്ങാട് സി.പി.ഐ.എമ്മിന് സ്വാധീനമുള്ള മേഖലയാണെന്നും പാര്‍ട്ടിയുടെ സ്വാധീനം തകര്‍ക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പ് രാഷ്ട്രീയ കൊലപാതകങ്ങളോ സംഘര്‍ഷങ്ങളോ നടക്കാത്ത പ്രദേശമാണ് ചിറ്റിലങ്ങാടെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM activist Sanoop’s Murder, 4 attackers identified, CPIM says it’s political murder to weaken party

We use cookies to give you the best possible experience. Learn more