ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തിരുവല്ല: സി.പി.ഐ.എം പ്രവര്‍ത്തകന്‍ സന്ദീപ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചാം പ്രതി അഭി പിടിയില്‍. എടത്വായില്‍ നിന്നാണ് അഭിയെ പൊലീസ് പിടികൂടിയത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി.
ജിഷ്ണു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസല്‍ എന്നിവരെയാണ് പൊലീസ് നേരത്തെ പിടികൂടിയിരുന്നത്. ആലപ്പുഴ കരുവാറ്റയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.
അതേസമയം, കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ തിരുവല്ല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഹര്‍ത്താല്‍ ആരംഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി എട്ടിന് നെടുമ്പ്രം ഭാഗത്ത് വെച്ചാണ് സി.പി.ഐ.എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പുത്തന്‍പറമ്പില്‍ പി.ബി.സന്ദീപ് കുമാറിനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
സന്ദീപിനെ സമീപത്തെ വെള്ളക്കെട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 11 കുത്തായിരുന്നു ശരീരത്തിലേറ്റിരുന്നത്.
ഗുരുതര പരിക്കേറ്റ സന്ദീപിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആര്‍.എസ്.എസാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.ഐ.എം വാദം.
സന്ദീപിന്റ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഈ വാദം സി.പി.ഐ.എം തള്ളിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: CPIM activist Sandeep’s murder; Fifth accused arrested