| Thursday, 20th August 2020, 9:36 am

കായംകുളത്തെ സി.പി.ഐ.എം നേതാവിന്റെ കൊലപാതകം; കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കായംകുളത്ത് സി.പി.ഐ.എം പ്രാദേശിക നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തു. കൗണ്‍സിലര്‍ കാവില്‍ നിസാം ആണ് അറസ്റ്റിലായത്.

മുഖ്യപ്രതി മുജീബിനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് കാവില്‍ നിസാമാണെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും നിസാം പൊലീസില്‍ അറിയിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

റോഡരികില്‍ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന സിയാദിനെ (35) ബൈക്കിലെത്തിയ മുജീബ് രണ്ട് തവണ കഠാരകൊണ്ട് കുത്തുകയായിരുന്നു.

കുത്ത് കരളില്‍ ഏറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. കുത്തുകൊണ്ട് നിലത്തുവീണ സിയാദിനെ നാട്ടുകാരും സുഹൃത്തുക്കളും ഉടനടി കായംകുളം ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവിധയിടങ്ങളിലായി 25ലധികം കേസുകളില്‍ പ്രതിയാണു മുജീബ്. ജയില്‍ മോചിതനായി കഴിഞ്ഞ നാല് മാസമായി നാട്ടില്‍ കഴിയുകയായിരുന്നു ഇയാള്‍.

മുജീബിനോടപ്പം നാലംഗ സംഘത്തില്‍ ഉണ്ടായിരുന്ന ഫൈസലിനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. എം.എസ്.എം സ്‌കൂള്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് നാളുകളായി തമ്പടിച്ചിരുന്ന ക്വട്ടേഷന്‍ സംഘങ്ങളെ സിയാദിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചോദ്യം ചെയ്തതതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

കൊലപാതകത്തിന് പിന്നില്‍ നാലംഗ കൊട്ടേഷന്‍ സംഘമാണെന്ന് കായംകുളം പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് പേര്‍ ബൈക്കിലെത്തിയും, രണ്ട് പേര്‍ കാറിലുമായി വന്നാണു കൊലപാതകം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

\

Content Highlight: CPIM Congress Kayamkulam Political Murder

We use cookies to give you the best possible experience. Learn more