അഗര്‍ത്തല: ത്രിപുരയില്‍ സി.പി.ഐ.എം നേതാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി. പാനിസാഗര്‍ സബ് ഡിവിഷണല്‍ കമ്മിറ്റി അംഗം തപസ് സുത്രധാറാണ് കൊല്ലപ്പെട്ടത്.
ഒരു കല്ല്യാണവീട്ടില്‍ നിന്നും തിരിച്ച് വീട്ടിലേക്കു പോകവെയാണ് അദ്ദേഹത്തെ ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. കൂര്‍ത്ത ആയുധം കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സി.പി.ഐ.എം പ്രസ്താവനയില്‍ പറയുന്നത്. സംഭവത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് ത്രിപുര സി.പി.ഐ.എം ആരോപിച്ചു.
ത്രിപുരയില്‍ ബി.ജെ.പി-ഐ.പി.എഫ്.ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ സി.പി.ഐ.എം പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കുകയാണെന്ന് സി.പി.ഐ.എം നേരത്തെ ആരോപിച്ചിരുന്നു. ബി.ജെ.പി ആക്രമണത്തില്‍ ഇതുവരെ ഒമ്പതോളം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ത്രിപുര സി.പി.ഐ.എം സെക്രട്ടറി ബിജാന്‍ ധര്‍ കഴിഞ്ഞദിവസം പറഞ്ഞത്.
നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പലതവണ ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരെ കൊല ചെയ്യുന്നതിനു പുറമേ പാര്‍ട്ടി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും തകര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.