ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. മാളിക്കടവ് പാലത്തിനടുത്തെ കോഴിപറമ്പത്ത് ഭഗവതിക്കാവിലെ ഉത്സവം കാണാനെത്തിയ ശ്രീജിത്തിനെ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു സംഘം ആക്രമിക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ശ്രീജിത്ത് മരിച്ചത്. ആക്രമണത്തിനിടെ പട്ടികകൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. പ്രദേശവാസിയുമായി നേരത്തേ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്നും ഇതിന്റെ തുടര്‍ച്ചയാണ് അക്രമമെന്നും പോലീസ് പറഞ്ഞു. ഇയാള്‍ക്കും കൂട്ടാളികള്‍ക്കും വേണ്ടി തിരച്ചില്‍ നടക്കുന്നുണ്ട്. കരുവിശ്ശേരി, കുണ്ടൂപ്പറമ്പ്, എടക്കാട്, മൊകവൂര്‍ ഭാഗത്തുനിന്ന് എത്തിയ ചിലരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.
ശ്രീജിത്തിന്റെ മരണത്തെ തുടര്‍ന്ന് പ്രദേശത്തെ ഒരു ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ വീടിനുനേരേയും അക്രമമുണ്ടായി. പോലീസുകാര്‍ ഉള്‍പ്പെടെ ചിലര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. ഉത്സവപ്പറമ്പിലും സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
കമ്മീഷണറുടെ ചുമതല വഹിക്കുന്ന ഡി.സി.പി ഡി. സാലി, അസി. കമ്മീഷണര്‍ ജോസി ചെറിയാന്‍, സി.ഐ. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
പെയിന്റിങ് തൊഴിലാളിയാണ് മരിച്ച ശ്രീജിത്ത്. അമ്മ: പത്മിനി, ശ്രീജേഷ് സഹോദരനാണ്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശവസംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച നടക്കും.
അതിനിടെ, ശ്രീജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കക്കോടി പഞ്ചായത്തില്‍ സി.പി.ഐ.എം ഹര്‍ത്താല്‍ ആചരിക്കുകയാണ്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.