| Monday, 3rd August 2020, 7:35 am

സി.പി.ഐ.എം പ്രവര്‍ത്തകന്റെ ആ കരുതല്‍ വെറുതേയായില്ല; ക്വാറന്റിനിലിരിക്കെ പാമ്പ് കടിയേറ്റ കുഞ്ഞ് കൊവിഡ് ഭേദമായി ആശുപത്രി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ക്വാറന്റീനിലിരിക്കെ പാമ്പ് കടിയേറ്റ ഒന്നരവയസുകാരി ആശുപത്രി വിട്ടു. പാമ്പ് കടിയേറ്റ ശേഷം കൊവിഡ് സ്ഥിരീകിരിച്ച കുട്ടി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 11 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ആശുപത്രി വിട്ടത്.

ജൂലായ് 21-ന് അര്‍ധരാത്രിയിലാണ് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കുഞ്ഞിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

ബിഹാറില്‍ അധ്യാപകരായ ദമ്പതിമാരും മക്കളും പാണത്തൂര്‍ വട്ടക്കയത്തെ വീട്ടില്‍ ക്വാറന്റീനിലായിരുന്നു. ജനാല തുറക്കവേയാണ് ബാലികയുടെ കൈവിരലില്‍ അണലിയുടെ കടിയേറ്റത്.

സി.പി.ഐ.എം. നേതാവും പൊതുപ്രവര്‍ത്തകനുമായ ജിനില്‍ മാത്യുവാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ക്വാറന്റീനില്‍ കഴിയവേ പാമ്പ് കടിയേറ്റതിനാല്‍ മറ്റാരും സഹായിക്കാനുണ്ടാകില്ലെന്ന് കരുതിയ കുട്ടിയുടെ അമ്മയുടെ കരച്ചില്‍ കേട്ടെത്തിയ ജിനില്‍ സധൈര്യം കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആശുപത്രിയിലെ പരിശോധനയില്‍ കുഞ്ഞിന് കൊവിഡ് പോസിറ്റീവായതോടെ ജിനിലിനെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ജിനിലിന്റെ ഫലം നെഗറ്റീവായിരുന്നു.

10 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ മാറ്റിയെടുക്കുക പ്രയാസകരമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പറയുന്നത്. നേരത്തെ ഒരുവയസ്സും 10 മാസവും പ്രായമുള്ള കുട്ടിയും രണ്ടുവയസ്സുള്ള മറ്റൊരു കുട്ടിയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.

ശിശുരോഗവിഭാഗം മേധാവി ഡോ. എം.ടി.പി. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് കുഞ്ഞിനെ ചികിത്സിച്ചത്. കുഞ്ഞ് ക്വാറന്റീനിലായിരുന്നത് നോക്കാതെ പരമാവധി വേഗത്തില്‍ ആശുപത്രിയിലെത്തിച്ച ജിനില്‍ മാത്യുവിന്റെ സാഹസികത അവളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പാണത്തൂരിലെ കുഞ്ഞിന്റെ കാര്യത്തില്‍ കൊവിഡിനൊപ്പം പാമ്പ് കടിയുമേറ്റതോടെ ഒരേ സമയം രണ്ടു ചികിത്സ നടത്തേണ്ടിയിരുന്നു. മാത്രമല്ല, കിലോ മീറ്ററുകള്‍ താണ്ടി എത്തിച്ച കുട്ടി ഗുരുതരാവസ്ഥയിലുമായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ.എം. കുര്യാക്കോസിന്റെയും മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപിന്റെയും നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.

We use cookies to give you the best possible experience. Learn more