| Thursday, 22nd September 2022, 11:02 pm

ഇപ്പോള്‍ ചോക്ലേറ്റിനെ കുറ്റം പറയുന്ന സുധാകരന്‍ എന്തടിസ്ഥാനത്തിലാണ് എന്റെ പേര് പറഞ്ഞത്? എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ട ഐ.പി. ബിനു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കേസില്‍ പ്രതിസ്ഥാനത്ത് കോണ്‍ഗ്രസ് ആരോപിക്കപ്പെട്ട
സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഐ.പി. ബിനു. എ.കെ.ജി സെന്റര്‍ ആക്രമിച്ച കേസിലെ പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചതിന് കേരളാ പൊലീസിന് നന്ദിയുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഈ സംഭവത്തിന്റെ പേരില്‍ തന്നെയും തന്റെ പ്രസ്ഥാനത്തേയും വേട്ടയാടിയവര്‍ ഇപ്പോഴെങ്കിലും ഓര്‍ക്കണം, എത്ര മറച്ചാലും സത്യം ഒരു നാള്‍ ആ മറയെല്ലാം നീക്കി പുറത്ത് വരും. അത് പുറത്ത് വരുമ്പോള്‍ ഇന്ന് വിളറി വെളുത്ത പോലെ ഇനിയും നിങ്ങളുടെ മുഖം വിളറുമെന്നും ബിനു പറഞ്ഞു.

‘എ.കെ.ജി സെന്റര്‍ ആക്രമണം നടന്ന് രണ്ടാഴ്ച കഴിയുമ്പോഴാണ് ഏതോ കേന്ദ്രങ്ങളില്‍ നിന്ന് പ്രതിയെ ഐ.പി. ബിനുവിന് അറിയാമെന്ന കഥയിറങ്ങുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ കഥക്ക് കൈയടിക്കാന്‍ ചില മാധ്യമങ്ങള്‍ മത്സരിച്ചു. അവരുടെ പേര് പറയാത്തതും എഴുതാത്തതും ഈ വാള് വൃത്തികേടാക്കരുതല്ലോ എന്നോര്‍ത്തിട്ടാണ്. കെ. സുധാകരനൊക്കെ സി.ഐ.ഡി വേഷം കെട്ടിയാടുകയായിരുന്നു.

ഇപ്പോള്‍ ചോക്ലേറ്റിനെ കുറ്റം പറയുന്ന കെ.പി.സി.സി അധ്യക്ഷന്‍ അന്ന് എന്തടിസ്ഥാനത്തിലാണ് എന്റെ പേര് പറഞ്ഞത്? ഗുണ്ടയെന്ന് വിളിച്ചായിരുന്നല്ലോ അധിക്ഷേപം. ഞാനും എന്റെ കുടുംബവും കഴിഞ്ഞ ദിവസങ്ങളില്‍ കടന്നുപോയ മാനസിക സംഘര്‍ഷം എന്തായിരുന്നു എന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? ചില മാധ്യമങ്ങളും പ്രതിപക്ഷവും ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ചാര്‍ത്തിത്തന്ന ഗുണ്ടാപ്പട്ടം എന്റെ മക്കളില്‍ ഉണ്ടാക്കിയ സങ്കടം നിങ്ങള്‍ക്ക് മനസിലാകുമോ? നിങ്ങളുടെ അപവാദ പ്രചരണങ്ങളിലും അസംബന്ധ ഗവേഷണങ്ങളിലും പതറാതെ എന്നെ ഇവിടെ പിടിച്ച് നിര്‍ത്തിയത് എന്റെ പാര്‍ട്ടിയും അതിന്റെ സഖാക്കളുമാണ്.

തിരിച്ചറിവായ കാലം മുതല്‍ ഈ പാര്‍ട്ടിയും എ.കെ.ജി സെന്ററും ജീവിതത്തിന്റെ ഭാഗമാണ്. ഇരുട്ടിന്റെ മറപറ്റി ഞങ്ങളുടെ ഓഫീസ് ആക്രമിച്ചിട്ട് ഞങ്ങള്‍ക്ക് നേരേ വിരല്‍ ചൂണ്ടുന്ന നിങ്ങളുടെ മനസ് എത്രത്താളം വികൃതമാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയം മാത്രമല്ല ഇത്തരം നെറികേടുകളും നിങ്ങള്‍ക്ക് ഉണ്ടെന്നറിയാം.

ആയിരം തവണ ആവര്‍ത്തിച്ചാലും കള്ളം കള്ളമല്ലാതാകില്ല എന്ന് ഓര്‍ക്കുക. അസത്യത്തിന്റേയും അപവാദ പ്രചരണങ്ങളുടേയും കാറും കോളും നീങ്ങി സത്യം നക്ഷത്രത്തെ പോലെ തിളങ്ങുന്നു. ഈ പാര്‍ട്ടി എന്ന സൂര്യനെ, അതിന്റെ പ്രകാശത്തെ കെടുത്താന്‍ നിങ്ങള്‍ക്കിനിയും ജന്മങ്ങള്‍ വേണ്ടി വരും,’ ഐ.പി. ബിനു പറഞ്ഞു.

ഇന്നത്തെ ദിവസം ഐ.പി. ബിനുവിന്റേത് കൂടിയാണെന്നും എ.കെ.ജി സെന്റര്‍ അക്രമണവുമായി ബന്ധപ്പെട്ട് ബിനുവിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുവാന്‍ കോണ്‍ഗ്രസും സംഘപരിവാറും മത്സരിച്ച് രംഗത്തെത്തിയിരുന്നുവെന്നും പി.വി. അന്‍വര്‍ എം.എല്‍.എയും പ്രതികരിച്ചു.

പി.വി. അന്‍വര്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്നത്തെ ദിവസം സഖാവ് ഐ.പി.ബിനുവിന്റേത് കൂടിയാണ്. പാര്‍ട്ടിയുടെ തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ലോക്കല്‍ കമ്മറ്റിയായ പാളയം ലോക്കല്‍ കമ്മറ്റിയുടെ സെക്രട്ടറിയാണ് സഖാവ്. കഴിഞ്ഞ തവണത്തെ കോര്‍പ്പറേഷന്‍ ഭരണസമിതി അംഗമായ ഐ.പി.ബിനു ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എ.കെ.ജി സെന്റര്‍ അക്രമണവുമായി ബന്ധപ്പെട്ട് സഖാവ് ഐ.പി. ബിനുവിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുവാന്‍ കോണ്‍ഗ്രസും സംഘപരിവാറും മത്സരിച്ച് രംഗത്തെത്തിയിരുന്നു.

കെ.പി.സി.സി നേതൃത്വവും ബി.ജെ.പി നേതൃത്വവും ഒറ്റക്കെട്ടായി ഈ ആരോപണം ഉയര്‍ത്തി. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മഞ്ഞപത്രം നടത്തുന്ന അഖില ലോക അലവലാതി ദിവസവും അഞ്ചെന്ന കണക്കിലാണ് ഐ.പി.ബിനുവിനെതിരെ വീഡിയോ പടച്ച് വിട്ടത്.

ബി.ജെ.പിക്കാര്‍ സ്വന്തം വീട് എറിഞ്ഞ് തകര്‍ത്തപ്പോള്‍, അന്ന് രാത്രി തന്നെ ഒരു മറയുമില്ലാതെ ബി.ജെ.പിയുടെ സ്റ്റേറ്റ് കമ്മറ്റി ഓഫീസ് അടിച്ച് തകര്‍ത്തത് മുതല്‍ സംഘപരിവാറിന്റെ കണ്ണിലെ കരടാണ് ഐ.പി.ബിനു.

കിട്ടിയ അവസരത്തില്‍ അങ്ങ് ഇല്ലാതാക്കിക്കളയാം എന്ന ധാരണയില്‍ ഐ.പി.ബിനുവിനെതിരെ വ്യാജവാര്‍ത്ത പടച്ച് വിട്ടവന്മാര്‍ക്കെതിരെ സഖാവ് മുന്‍പേ തന്നെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തീയില്‍ കുരുത്തതൊന്നും വെയിലത്ത് വാടില്ല എന്ന് ഇവന്മാര്‍ക്കൊന്നും ഇന്നും മനസ്സിലായിട്ടില്ല.
സ്‌നേഹം സഖാവേ.

CONTENT HIGHLIGHTS:  CPIM activist facebook on AKG Center attack case, K Sudhakaran blaming he was accused

We use cookies to give you the best possible experience. Learn more