| Monday, 21st February 2022, 7:22 am

തലശേരിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: തലശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. മത്സ്യത്തൊഴിലാളിയായ പുന്നോല്‍ സ്വദേശി ഹരിദാസാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പുലര്‍ച്ചെയാണ് ഹരിദാസനെ ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നത്. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നാണ് സി.പി.ഐ.എം പ്രാദേശിക നേതൃത്വം ആരോപിക്കുന്നത്.

ഹരിദാസന്റെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്.  ഹരിദാസന്റെ കാല്‍ പൂര്‍ണമായും അറ്റുപോയ നിലയിലായിരുന്നു. വെട്ട് കൊണ്ട് ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വീടിനടുത്ത് വെച്ചാണ് വെട്ടേറ്റത്. മൃതദേഹം നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിലാണ്.

വീടിനു സമീപത്ത് വെച്ച് നടന്ന ആക്രമണമായതിനാല്‍ ബഹളം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. ഹരിദാസന് നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ സുരനും വെട്ടേറ്റു.

ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ പ്രദേശത്ത് സി.പി.ഐ.എം ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഹരിദാസന് നേരെ ആക്രമണമുണ്ടായത്.

തലശേരി കൊമ്മല്‍ വാര്‍ഡിലെ കൗണ്‍സിലറുടെ പ്രസംഗത്തിന് ശേഷമാണ് കൊലപാതകം നടന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തില്‍ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്നും സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു.

ബി.ജെ.പി- ആര്‍.എസ്.എസ് നേതൃത്വം ആസൂത്രിതമായി നടത്തിയ കൊലപാതകമാണ്. സി.പി.ഐ.എം പര്വര്‍ത്തകരെ കൊല്ലുമെന്ന് കൗണ്‍സിലര്‍ വിജേഷ് പരസ്യമായി പറഞ്ഞെന്നും എം.വി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

കൊലപാതകത്തെ തുടര്‍ന്ന് തലശേരി നഗരസഭ ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന ഹര്‍ത്താല്‍ വൈകീട്ട് ആറ് വരെ നീളും.


Content Highlights: CPIM activist died in Thalassery, cpim arguing its done by RSS

We use cookies to give you the best possible experience. Learn more