|

കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസപ്രമേയം ചർച്ചക്കെടുക്കാനിരിക്കെ സി.പി.ഐ.എം കൗൺസിലറെ കടത്തിക്കൊണ്ടുപോയി; പ്രതിഷേധിച്ച് യു.ഡി.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭായിൽ അവിശ്വാസപ്രമേയം ചർച്ചക്കെടുക്കാനിരിക്കെ സി.പി.ഐ.എം നഗരസഭാ കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് യു.ഡി.എഫ്. തുടർന്ന് കൗൺസിൽ യോഗം യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്‌കരിച്ചു. നടപടി ആവശ്യപ്പെട്ട് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ബഹിഷ്‌ക്കരിക്കുകയും ചെയ്തു.

സി.പി.ഐ.എം ഭരിക്കുന്ന 13 അംഗ ഭരണ സമിതി അവിശ്വാസപ്രമേയത്തിൽ നിന്നും വിട്ട് നിന്നിരുന്നു. അവിശ്വാസ പ്രമേയത്തിന്റെ നോട്ടീസ് നൽകിയപ്പോൾ തന്നെ വിട്ട് നിൽക്കും എന്നായിരുന്നു സമിതിയുടെ തീരുമാനം എന്ന വിശദീകരണം മാത്രമാണ് സി.പി.ഐ.എം നൽകിയിട്ടുള്ളത്.

എന്നാൽ കൂറുമാറി യു.ഡി.എഫിനൊപ്പം വന്ന് വോട്ട് ചെയ്യാൻ സമ്മതിച്ച ഒരു സി.പി.ഐ.എം കൗൺസിലറെ നഗരസഭാ ചെയർപേഴ്സൺ ഉൾപ്പടെയുള്ള ആളുകൾ കടത്തിക്കൊണ്ട് പോയി. നഗരസഭാ ചെയർപേഴ്‌സന്റെ കാറിലേക്ക് കൗൺസിലറെ ബലമായി കയറ്റിക്കൊണ്ട് പോവുകയായിരുന്നു. പൊലീസ് നോക്കി നിൽക്കവെയായിരുന്നു ഈ അതിക്രമം. തുടർന്ന് യു.ഡി.എഫ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

മറുഭാഗത്ത് ചേരി തിരിഞ്ഞ് സി.പി.ഐ.എം പ്രവർത്തകരും എത്തിയതോടെ പൊലീസ് സ്റ്റേഷൻ പരിസരത്ത് വലിയ സംഘർഷാവസ്ഥ ഉടലെടുത്തു. പൊലീസ് എത്തി ഇരുസംഘങ്ങളെയും പിരിച്ച് വിടുകയായിരുന്നു. തുടർന്ന് കൗൺസിൽ ബഹിഷ്‌കരിച്ച് യു.ഡി.എഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തി.

നിലവിൽ യു.ഡി.എഫ് പൊലീസ് സ്റ്റേഷനിലേക്ക് വലിയ മാർച്ച് നടത്തുകയും അവിടെ ധർണ ഇരിക്കുകയും ചെയ്യുകയാണ്.

Content Highlight: CPIM abducted the councilor when the no-confidence motion was to be discussed in the Koothattukulam municipal council; In protest, U.D.F

Latest Stories

Video Stories