| Wednesday, 10th June 2020, 11:36 am

അതിരപ്പള്ളി പദ്ധതിക്ക് എന്‍.ഒ.സി; പദ്ധതി ഇടതു നയത്തിന് എതിരെന്ന് എ.ഐ.വൈ.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കെ.സി.ഇ.ബിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ എ.ഐ.വൈ.എഫ്. എന്‍.ഒ.സി നല്‍കിയ നടപടി ഇടതു നയത്തിന് വിരുദ്ധമെന്നും എ.ഐ.വൈ.എഫ് അറിയിച്ചു.

പരിസ്ഥിതി സൗഹൃദ വികസനമെന്ന മുദ്രാവാക്യമാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പുകാലത്ത് എല്‍.ഡി.എഫ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചത്. നിലവിലെ നടപടി അതിനെതിരാണ്. സര്‍ക്കാര്‍ നയത്തില്‍ നിന്ന് പിന്തിരിയണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ് അറിയിച്ചു.

‘പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കെ.എസ്.ഇ.ബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നു. ഇത് എല്‍.ഡി.എഫിന്റെ പ്രഖ്യാപിത നയത്തിനെതിരാണ്. പദ്ധതിയെ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടക്കുകയും ആ പദ്ധതി പരിസ്ഥിതിക്ക് എതിരാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണ്. അതിരപ്പിള്ളിയുടെ സമ്പന്നമായ ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും തകര്‍ക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും,’ എ.ഐ.വൈ.എഫ് പ്രസ്താവനയില്‍ അറിയിച്ചു.

സാങ്കേതിക-സാമ്പത്തിക-പാരിസ്ഥിതിക അനുമതികള്‍ ലഭിക്കാനാണ് എന്‍.ഒ.സി അനുവദിച്ചത്. ഏഴുവര്‍ഷമാണ് എന്‍.ഒ.സി കാലാവധി. പദ്ധതി പൂര്‍ത്തിയാക്കാന്‍ ഏഴുവര്‍ഷം വേണ്ടിവരും എന്നതിനാലാണിത്.

പദ്ധതിക്കെതിരെ എല്‍.ഡി.എഫിനുള്ളില്‍ നിന്നുതന്നെ വിരുദ്ധാഭിപ്രായങ്ങളുണ്ടായിരുന്നു. സി.പി.ഐ അടക്കമുള്ള പാര്‍ട്ടികളും പരിസ്ഥിതി പ്രവര്‍ത്തകരും പദ്ധതിയെ ശക്തമായി എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്ന് പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുന്നതായി വൈദ്യുത മന്ത്രി പറഞ്ഞിരുന്നു.

163 മെഗാവാട്ട് ഉത്പാദനം ലക്ഷ്യമാക്കി ആവിഷ്‌കരിച്ച പദ്ധതിക്ക് നേരത്തെ ലഭിച്ച പരിസ്ഥിതി അനുമതിയും സാങ്കേതിക സാമ്പത്തിക അനുമതിയും അവസാനിച്ചിരുന്നു.

പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിക്കണമെങ്കില്‍ സര്‍ക്കാരില്‍ നിന്ന് എന്‍.ഒ.സി ലഭിക്കേണ്ടതുണ്ടെന്ന് കേന്ദ്ര വൈദ്യുത അതോറിറ്റി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more