ബെഗുസാരായി: ബീഹാറിലെ ബെഗുസരായിയില്‍ ദളിത് കര്‍ഷകനും സി.പി.ഐ പ്രവര്‍ത്തകനുമായ ഫാഗോ താന്തി (65) എന്നയാളെ തട്ടിക്കൊണ്ട് പോയ ശേഷം അടിച്ചുകൊന്നു. മഹാജി ഗ്രാമത്തിലെ മതിഹാനി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നാണ് സംശയം. കനയ്യ കുമാറിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഭാഗമായിരുന്ന ഫാഗോ പോളിങ് ദിവസം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങളെ ചോദ്യം ചെയ്തിരുന്നുവെന്നും ഇതാണ് അദ്ദേഹത്തെ ലക്ഷ്യമാക്കാന്‍ കാരണമെന്നും ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഫാഗോയെ തട്ടിക്കൊണ്ടു പോയതിന് ശേഷം സി.പി.ഐ നേതൃത്വം പൊലീസിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
വോട്ടെടുപ്പ് ദിവസം ബെഗുസരായില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിങിന് വോട്ടു ചെയ്യാന്‍ ആളുകളെ നിര്‍ബന്ധിക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോയിലൂടെയാണ് പോളിംഗ് ബൂത്തിന് മുന്നില്‍ ജനങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നത്. ഇ.വി.എമ്മില്‍ ഒന്നാമത് കനയ്യയുടെ പേരാണ്, എന്നാല്‍ രണ്ടാമതിരിക്കുന്ന ഗിരിരാജ് സിങിന് വോട്ടു ചെയ്യാന്‍ തങ്ങളെ നിര്‍ബന്ധിക്കുന്നതായി പ്രദേശത്തെ വോട്ടര്‍മാര്‍ പരാതി നല്‍കിയിരുന്നു.
സി.പി.ഐയ്ക്ക് നിര്‍ണായക സ്വാധീനമുള്ള സ്ഥലമാണ് ബെഗുസാരായി. നേരത്തെ സി.പി.ഐ ജയിച്ചിട്ടുള്ള മണ്ഡലം കൂടിയാണ്. ബിഹാറിലെ ലെനിന്‍ഗ്രാഡ് എന്നാണ് ബെഗുസാരായി അറിയപ്പെട്ടിരുന്നത്.