ആലപ്പുഴ: പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവം സി.പി.ഐ അന്വേഷിക്കും. അന്വേഷണത്തിന് പാര്‍ട്ടി പ്രത്യേക കമ്മീഷനെ വെയ്ക്കും.
പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവിലാണ് തീരുമാനം. പാര്‍ട്ടിയെ ബാധിച്ച കാന്‍സര്‍ നീക്കണമെന്നും സംഭവത്തില്‍ കര്‍ശനമായി നടപടിയെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
‘കാനത്തെ മാറ്റൂ, സി.പി.ഐയെ രക്ഷിക്കൂ’ എന്ന പോസ്റ്ററാണ് വിവാദത്തിനാധാരം. ആലപ്പുഴയിലെ പാര്‍ട്ടി ഓഫീസിന്റെ ചുമരിലും രണ്ടു മാധ്യമസ്ഥാപനങ്ങള്‍ക്ക് മുന്നിലുമാണ് പോസ്റ്റര്‍ പതിച്ചിരുന്നത്. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിനുമുന്നില്‍ തിരുത്തല്‍വാദികള്‍ സി.പി.ഐ അമ്പലപ്പുഴ എന്നപേരിലായിരുന്നു പോസ്റ്റര്‍.
പോസ്റ്ററില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്കും സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനും അഭിവാദ്യമര്‍പ്പിച്ചിരുന്നു.
തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് പാര്‍ട്ടി ബോധമില്ലെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയോട് താന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് അന്വേഷണം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
നിയമം നിയമത്തിന്റെ വഴിക്ക് പോകും. വിമര്‍ശനം ഉന്നയിക്കേണ്ടത് പാര്‍ട്ടി വേദികളിലാണ്. എല്‍ദോ എം.എല്‍.എയ്ക്കെതിരായ മര്‍ദ്ദനത്തില്‍ ഉചിതമായ നടപടി ഉണ്ടായിട്ടുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.
കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ചതിന് രണ്ട് എ.ഐ.വൈ.എഫ് നേതാക്കളെ പൊലീസ് പിടികൂടിയിരുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെയാണ് പൊലീസ് പിടികൂടിയത്.