Kerala News
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ ഒന്ന് സി.പി.ഐക്ക്; ശ്രേയാംസ് കുമാറിന് സീറ്റില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 15, 12:09 pm
Tuesday, 15th March 2022, 5:39 pm

തിരുവനന്തപുരം: നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജയസാധ്യതയുള്ള രണ്ട് സീറ്റുകളില്‍ ഒന്ന് സി.പി.ഐക്ക് നല്‍കാന്‍ ധാരണ. എ.കെ.ജി സെന്ററില്‍ ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലാണ് രാജ്യസഭാ സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായത്.

ഒഴിവ് വരുന്ന രണ്ട് സീറ്റുകളില്‍ ഒന്നിന് ജെ.ഡി.എസും, എന്‍.സി.പിയും, എല്‍.ജെ.ഡിയും യോഗത്തില്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ദേശീയ സാഹചര്യം കണക്കിലെടുത്ത് സീറ്റ് സി.പി.ഐക്ക് നല്‍കാമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുകയായിരുന്നു.

ഐക്യകണ്‌ഠേനയാണ് രാജ്യസഭാ സീറ്റിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്ലാ ഘടകകക്ഷികളും അഭിപ്രായം അറിയിച്ചുവെന്നും കൂട്ടായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒഴിവുവരുന്ന രണ്ട് സീറ്റുകളില്‍ ഒന്ന് പാര്‍ട്ടിക്ക് അനുവദിക്കണമെന്ന് എല്‍.ഡി.എഫിനോട് ആവശ്യപ്പെടാന്‍ നേരത്തെ എല്‍.ജെ.ഡി തീരുമാനിച്ചിരുന്നു.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാര്‍ എം.പിയുടെ രാജ്യസഭ കാലാവധി അവസാനിക്കുന്നതിനാല്‍ ഈ സീറ്റ് തുടര്‍ന്ന് പാര്‍ട്ടിക്ക് ലഭിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

യു.ഡി.എഫിനൊപ്പം ചേര്‍ന്നപ്പോള്‍ വിരേന്ദ്രകുമാറിന് ലഭിച്ച സീറ്റിന്റെ ബാക്കി കാലയളവാണ് ശ്രേയാംസ്‌കുമാറിന് ലഭിച്ചതെന്നും ഒഴിവുവരുന്ന സീറ്റില്‍ ഒന്ന് പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്നുമുള്ള അഭിപ്രായമാണ് പാര്‍ട്ടി നേതൃത്വത്തിനുണ്ടായിരുന്നത്.


Content Highlights: CPI will get one seat in Rajya Sabha polls; Sreyams Kumar has no seat