| Tuesday, 26th July 2022, 6:17 pm

കാലം കഴിയുന്തോറും സമൂഹം പുറകോട്ട് നടക്കുന്നു; യുക്തിചിന്തയും ശാസ്ത്രബോധവും കെട്ടിപ്പടുക്കണം: കാനം രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യുക്തിചിന്തയും ശാസ്ത്രബോധവുമുള്ള സമൂഹം കെട്ടിപ്പടുക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരു കാലത്ത് നമുക്ക് നേടാന്‍ കഴിഞ്ഞ യുക്തിചിന്തയും ശാസ്ത്രബോധവും സമൂഹത്തിന് നഷ്ടപ്പെടുകയാണെന്നും കാനം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പഴയ കാര്യങ്ങളിലേക്ക് തിരിച്ചുപോകാനും ശാസ്ത്രത്തില്‍ നിന്ന് കൂടുതല്‍ അകന്നുപോകാനും ശ്രമം നടക്കുന്നു. സമൂഹം കാലം കഴിയുന്തോറും പുറകോട്ട് നടക്കുകയാണ്. യുക്തിചിന്തയും ശാസ്ത്രബോധവുമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാനും, തുല്യമായ അവസരങ്ങളും തുല്യമായ അവകാശങ്ങളുമുള്ള ഒരു സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരാനും ഇതുപോലുള്ള പരിശ്രമങ്ങള്‍ക്ക് വലിയപങ്കുണ്ട്.

ജാതിയും മതവും വര്‍ഗീയതയും സമൂഹത്തില്‍ വലിയ വിപത്തുകളായി വളര്‍ന്നുവരികയാണ്. ഭരണകൂടം തന്നെ ഇത്തരം അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ എങ്ങനെ സമൂഹം നവീകരിക്കപ്പെടും എന്ന പ്രശ്‌നവും ഉദിക്കുന്നുണ്ട്. ലിംഗസമത്വം മാത്രമല്ല, അവസരസമത്വവും സാമ്പത്തികസമത്വവുമെല്ലാം സമൂഹത്തില്‍ നേടിയെടുക്കേണ്ടതുണ്ട്. പുരുഷമേധാവിത്വ സമൂഹത്തില്‍ ഈ ആശയങ്ങള്‍ നേടിയെടുക്കാന്‍ വളരെ ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങളിലൂടെ മാത്രമെ സാധിക്കൂവെന്നും കാനം പറഞ്ഞു.

ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യതയും നമുക്കുണ്ട്. ജനാധിപത്യം ആരംഭിക്കുന്നത് കുടുംബങ്ങളിലാണെന്ന് പറയാറുണ്ട്. അവിടെയും പുരുഷമേധാവിത്വത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ഈ ലക്ഷ്യം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനും സാമൂഹ്യ മുന്നേറ്റത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളിലും സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെയുള്ള എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാന്‍ ഉത്തരവാദിത്തപ്പെട്ടവരാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ ആഭിമുഖ്യമുള്ള സംഘടനകളാണെന്നും കാനം പറഞ്ഞു.

CONTENT HIGHLIGHTS:  CPI state secretary Kanam Rajendran wants to build a rational and scientific society

We use cookies to give you the best possible experience. Learn more