തിരുവനന്തപുരം: നരേന്ദ്ര മോദിയും ബി.ജെ.പി നയിക്കുന്ന എന്‍.ഡി. എ സഖ്യവും ഇത്തവണ കേന്ദ്രത്തില്‍ അധികാരത്തിലെത്തില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മോദിക്ക് മൂന്നാം ഊഴം ഇന്ത്യയിലെ ജനങ്ങള്‍ കൊടുക്കില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
‘നരേന്ദ്ര മോദിക്ക് ഒരു കാരണവശാലും മൂന്നാം ഊഴം ഉണ്ടാകാന്‍ പോകുന്നില്ല. മൂന്നാം ഊഴം ജനങ്ങള്‍ കൊടുക്കില്ല. അതിന്റെ എല്ലാ സാധ്യതകള്‍ ഇന്ത്യയും പറയുന്നുണ്ട്. ഈ മോദിയുടെ വരവിനെ ചെറുക്കാനുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തില്‍ കേരളത്തിലെ ഇടതുപക്ഷം സവിശേഷമായ പങ്കാണ് വഹിക്കാന്‍ പോകുന്നത്. കേരളത്തിലെ ഇടതുപക്ഷം ദേശീയ രാഷ്ട്രീയത്തിലെ പ്രസക്തമായ രാഷ്ട്രീയ ചേരിയാണ്.
18ാം ലോക്‌സഭയില്‍ ഇടതുപക്ഷത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഞങ്ങള്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം ചോദിച്ച് ആരും ഇടതുപക്ഷത്തിനെ പ്രയാസത്തിലാക്കണ്ട. ഞങ്ങള്‍ ചുരുക്കം തന്നെയാണ്. ആ ചുരുങ്ങിയ എണ്ണത്തില്‍ നിന്ന് കുറച്ചേറെ പേര്‍ ജയിച്ചുവരും. ആ ഇടതുപക്ഷ എം.പിമാരായിരിക്കും ലോക്‌സഭയിലെ രാഷ്ട്രീയ ഗതിക്രമങ്ങളെ നിര്‍ണയിക്കാന്‍ പോകുന്ന പ്രധാന പൊളിറ്റിക്കല്‍ ഫാക്ടര്‍ എന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
മാറ്റം ആഗ്രഹിച്ച് വോട്ട് ചെയ്യാന്‍ പോകുന്ന ജനങ്ങള്‍ കാത്തിരിക്കുന്ന മാറ്റത്തിന്റെ ഒരു പ്രചോദന ഘടകമായി മാറാന്‍ പോകുന്നത് ആ ഇടതുപക്ഷ എം.പിമാരായിരിക്കും. ആ കാഴ്ചപ്പാടിലാണ് ഞങ്ങള്‍ എല്‍.ഡി.എഫുകാര്‍.
കേരളത്തില്‍ നിന്നും 20 എം.പിമാരെയും വിജയിപ്പിക്കാന്‍ അഹോരാത്രം പാടുപെടുന്നുണ്ട്. ലക്ഷ്യം അതാണ്, 20 എം.പിമാരെയും വിജയിപ്പിക്കണം. ആ എം.പിമാര്‍, 18ാം ലോക്‌സഭയില്‍ പ്രധാനപ്പെട്ട രാഷ്ട്രീയ ശക്തിയായി മാറും. അതേസമയം, ഇന്ത്യ സഖ്യത്തിന് വേണ്ടിയും അവര്‍ സ്വന്തം പങ്ക് നിറവേറ്റും.
ഞങ്ങളോട് പലപ്പോഴും മത്സര രംഗത്തുള്ള ചില ആളുകള്‍ ചോദിക്കാറുണ്ട്, അവിടെ പോയാല്‍ ആര്‍ക്ക് വേണ്ടി കൈ പൊക്കുമെന്ന്. ആ ചോദ്യം ചോദിക്കുന്ന ആളുകള്‍ ഭാവിച്ചിരിക്കുന്നത് ഞങ്ങളെ ഉത്തരം മുട്ടിക്കാന്‍ പോന്ന ഘനഗംഭീരമായ എന്തോ ചോദ്യം ചോദിച്ചു എന്നാണ്. ആ സുഹൃത്തുക്കള്‍ അറിയാന്‍ വേണ്ടി പറയുകയാണ്, ആ ചോദ്യം ഞങ്ങളെ തെല്ലും ബുദ്ധിമുട്ടിക്കുന്നില്ല.
ഞങ്ങളുടെ മറുപടി വ്യക്തമാണ്. ഞങ്ങള്‍ പാര്‍ലമെന്റിലേക്ക് പോകുന്നതും മത്സരിക്കുന്നതും ആര്‍.എസ്.എസ്-ബി.ജെ.പി വരവിനെ ചെറുക്കാന്‍ വേണ്ടിയാണ്. ആര്‍.എസ്.എസ്-ബി.ജെ.പി രാഷ്ട്രീയത്തെ ചെറുത്തുകൊണ്ട് ഇന്ത്യ സഖ്യത്തിന് വേണ്ടി വോട്ടുചെയ്യാന്‍ വേണ്ടിയാണ് ഞങ്ങള്‍ മത്സരിക്കുന്നതും വിജയിക്കുന്നതും. കൃത്യമായ മറുപടിയാണ്. ആ വ്യക്തതയുള്ള രാഷ്ട്രീയ ചേരിയാണ് എല്‍.ഡി.എഫ്,’ ബിനോയ് വിശ്വം പറഞ്ഞു.
ആര്‍.എസ്.എസും ബി.ജെ.പിയും രണ്ടല്ല ഒന്നാണെന്നും ആര്‍.എസ്.എസ്-ബി.ജെ.പി വരവിനെ ചെറുത്തുകൊണ്ട് ഇന്ത്യ സഖ്യത്തിന്റെ ഭാഗത്ത് നിന്നും കൈപൊക്കാനും ജനങ്ങള്‍ക്ക് വേണ്ടി ആ സഖ്യത്തിനോപ്പം നിലകൊള്ളാനുമാണ് എല്‍.ഡി.എഫെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content highlight: CPI State Secretary Binoy Viswam said BJP will not come to power at the Center this time