| Monday, 17th June 2024, 10:29 pm

കോണ്‍ഗ്രസ് വയനാടിനെ വഞ്ചിച്ചു; രാഹുലിനെ രാജിവെപ്പിച്ച് നാടകം കളിക്കരുതായിരുന്നു: ബിനോയ് വിശ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വയനാട് മണ്ഡലം ഒഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തില്‍ പ്രതികരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തീരുമാനം കോണ്‍ഗ്രസിന്റെ വഞ്ചനയെന്ന് ബിനോയ് വിശ്വം പറഞ്ഞു. ശക്തമായ മത്സരമായിരിക്കും യു.ഡി.എഫിന് എല്‍.ഡി.എഫ് നല്‍കുന്ന മറുപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യാ സഖ്യത്തിന്റെ രാഷ്ട്രീയം ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു. മൂക്കിനപ്പുറം കാണാനുള്ള കെല്‍പ്പ് കോണ്‍ഗ്രസിനില്ലെന്നും രാഷ്ട്രീയ പോരാട്ടമായിരിക്കും വയനാട്ടില്‍ നടക്കുകയാണെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു.

വയനാട്ടില്‍ വീണ്ടും ആനി രാജ മത്സരിക്കുമോയെന്ന ചോദ്യത്തിന്, അക്കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. രാഹുല്‍ ഗാന്ധിയെ പോലുള്ള ഒരു നേതാവിനെ വേഷം കെട്ടിച്ച് വയനാട്ടില്‍ കൊണ്ടുവന്ന് മത്സരിപ്പിച്ച്, രണ്ടാമത്തെയാഴ്ച്ച രാജിവെപ്പിച്ച് കോണ്‍ഗ്രസ് നാടകം കളിക്കാന്‍ പാടില്ലായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം റായ്ബറേലി നിലനിര്‍ത്താനും പ്രിയങ്കയെ വയനാട്ടില്‍ മത്സരിപ്പിക്കാനുമുള്ള കോണ്‍ഗ്രസിന്റെ തീരുമാനം ഉചിതമെന്ന് ആനി രാജ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് വയനാട്ടിലെ വോട്ടര്‍മാരെ നേരത്തെ അറിയിക്കാമായിരുന്നെന്നും ആനി രാജ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ തീരുമാനത്തില്‍ നിയമപരമായ വ്യക്തതയുണ്ടെന്നും ആനി രാജ വ്യക്തമാക്കി. ഉത്തരേന്ത്യയില്‍ രാഹുലിനെ പോലുള്ള ഒരു നേതാവിന്റെ സാന്നിധ്യം പ്രധാനപെട്ടതാണെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് റായ്ബറേലി നിലനിര്‍ത്തി വയനാട് ഒഴിയുന്ന തീരുമാനത്തിലേക്ക് രാഹുല്‍ എത്തുന്നത്. രാഹുലിന് പകരമായി, പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് ഖാര്‍ഗെ പ്രഖ്യാപിക്കുകയും ചെയ്തു. പ്രിയങ്ക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇത് ആദ്യമായാണ്. ദുഃഖത്തോടെയാണ് വയനാട്ടില്‍ രാജി നല്‍കാന്‍ രാഹുല്‍ തീരുമാനിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.

ഭാവി രാഷ്ട്രീയത്തിന് നല്ലത് ഉത്തര്‍പ്രദേശിലെ മണ്ഡലമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണായ സോണിയ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ചേര്‍ന്ന യോഗത്തിലാണ് വിലയിരുത്തല്‍.

Content Highlight: CPI State Secretary Binoy Vishwam reacts to Rahul Gandhi’s decision to vacate Wayanad constituency

We use cookies to give you the best possible experience. Learn more