| Wednesday, 26th February 2020, 10:19 am

ആലപ്പുഴയില്‍ സി.പി.ഐ-സി.പി.ഐ.എം തുറന്ന പോരിലേക്ക്; ഫേസ്ബുക്കില്‍ ലൈക്ക് കൂട്ടുകയല്ലാതെ തോമസ് ഐസക് ഒന്നുംചെയ്യുന്നില്ലെന്ന് സി.പിഐ; 'സര്‍ സി.പിയേക്കാള്‍ ഏകാധിപതി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ആലപ്പുഴയില്‍ സി.പി.ഐ-സി.പി.ഐ.എം പോര് മുറുകുന്നു. കയര്‍ മേഖലയിലെ പ്രശ്‌നം പരിഹരിക്കാന്‍ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് തയ്യാറാവുന്നില്ലെന്ന് തുറന്നടിച്ച് സി.പി.ഐ. ഫേസ്ബുക്കില്‍ ലൈക്ക് കൂട്ടുകയല്ലാതെ കയര്‍ മേഖലയ്ക്കായി മന്ത്രി ഒന്നും ചെയ്യുന്നില്ലെന്നും സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് പറഞ്ഞു. മേഖലയിലെ അനാസ്ഥയ്‌ക്കെതിരെ പ്രത്യക്ഷ സമരവുമായി എ.ഐ.എന്‍.ടി.യു.സിയും രംഗത്തെത്തിയിട്ടുണ്ട്.

കയര്‍ തൊഴിലാളികള്‍ക്ക് 600 രൂപ വേതനം ഉറപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നിട്ടും ഇപ്പോഴും 350 രൂപയാണ് കൂലി. ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുന്ന നേതാവ് മാത്രമായി തോമസ് ഐസക് മാറിയെന്നും ആഞ്ചലോസ് വിമര്‍ശിച്ചു.

കയര്‍ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കയര്‍ കേരളയ്ക്ക് കഴിയുന്നില്ല. കോടികള്‍ മുടക്കിയുള്ള വാര്‍ഷിക ആചരണം വെറും പ്രഹസനം മാത്രമാണെന്നും സി.പി.ഐ ആരോപിച്ചു.

സര്‍ സി.പിയേക്കാള്‍ ഏകാധിപതിയാണ് ഐസക് എന്നും സി.പി.ഐ തുറന്നടിച്ചു.

കയര്‍ തൊഴിലാളികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നാണ് സി.പി.ഐ മുന്നോട്ടുവെക്കുന്ന ആവശ്യം. കയര്‍ മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഫാക്ടറികള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. കയര്‍ മേഖലയെ തകര്‍ക്കുന്ന നീക്കങ്ങളുമായാണ് തോമസ് ഐസക് മുന്നോട്ടുപോകുന്നതെന്നും സി.പി.ഐ ആരോപിച്ചു.

തൊഴിലാളുകളുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനമെന്നും സി.പി.ഐ അറിയിച്ചു.

തോമസ് ഐസകിനെതിരെ പ്രതിപക്ഷവും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more