| Thursday, 7th January 2021, 9:37 am

ബി.ജെ.പി പിന്തുണയില്‍ വിജയിച്ച ഇടതുമുന്നണിയുടെ പ്രസിഡന്റ് ഇതുവരെയും രാജിവെച്ചില്ല; രൂക്ഷവിമര്‍ശനവുമായി സി.പി.ഐ; ഇടതുമുന്നണിയില്‍ തുറന്നപോര്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാന്നി: റാന്നിയില്‍ ബി.ജെ.പി പിന്തുണയോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രസിഡന്റായത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സി.പി.ഐ ജില്ലാ ഘടകം. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍ ആണ് റാന്നി പഞ്ചായത്ത് പ്രസിഡന്റ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നത്.

മുന്നണി സംവിധാനത്തില്‍ ഇത്തരത്തില്‍ മുന്നോട്ട് പോവാന്‍ ആവില്ലെന്ന് എ.പി ജയന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ബി.ജെ.പി പിന്തുണയോടെ ഇടതു മുന്നണി പ്രസിഡന്റായതില്‍ സി.പി.ഐ.എമ്മിനെതിരെ സി.പി.ഐ ലോക്കല്‍ കമ്മിറ്റി നേരത്തേ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് ജില്ലാ സെക്രട്ടറിയും വിമര്‍ശനവുമായെത്തിയിരിക്കുന്നത്.

റാന്നിയില്‍ ജോസ് വിഭാഗത്തിലെ ശോഭാ ചാര്‍ളി പ്രസിഡന്റായത് സി.പി.ഐ.എം അംഗങ്ങളുടെ വോട്ടു നേടിയാണ്. മൂന്നു സീറ്റില്‍ മത്സരിച്ച സി.പി.ഐ മൂന്നിലും തോറ്റിരുന്നു. ഇത് സി.പി.ഐ.എം വോട്ട് മറിച്ചതുകൊണ്ടാണെന്നായിരുന്നു സി.പി.ഐ വിമര്‍ശനം. ലോക്കല്‍ സെക്രട്ടറിയുടെ തന്നിഷ്ടപ്രകാരമാണ് സി.പി.ഐ.എം റാന്നിയില്‍ കാര്യങ്ങള്‍ തീരുമാനിച്ചതെന്നും വിമര്‍ശനമുണ്ട്.

പ്രസിഡന്റ് രാജി വെച്ച് മാതൃക കാട്ടണം എന്നാണ് സി.പി.ഐ ആവശ്യപ്പെടുന്നത്. കൂടാതെ കേരള കോണ്‍ഗ്രസ്- ബി.ജെ.പി പ്രത്യേക കരാര്‍ ഉണ്ടായിരുന്നുവെന്നും എ.പി ജയന്‍ പറഞ്ഞു.

ബി.ജെ.പി പിന്തുണയില്‍ വിജയിച്ച പ്രസിഡന്റ് രാജി വെയ്ക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെയും രാജിവെയ്ക്കാത്ത സാഹചര്യത്തിലാണ് സി.പി.ഐ രംഗത്തുവന്നത്. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ബി.ജെ.പി വോട്ട് ചെയ്യുകയായിരുന്നു.

ഇതോടെ റാന്നി പഞ്ചായത്തിന്റെ ഭരണം എല്‍.ഡി.എഫിന് ലഭിച്ചു. റാന്നി പഞ്ചായത്തില്‍ ആകെയുണ്ടായിരുന്ന പതിമൂന്ന് സീറ്റുകളില്‍ അഞ്ചെണ്ണം എല്‍.ഡി.എഫിനും, അഞ്ചെണ്ണം എല്‍.ഡി.എഫിനും രണ്ടെണ്ണം ബി.ജെ.പിക്കുമാണ് ലഭിച്ചത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:CPI slams CPM decision at ranni

We use cookies to give you the best possible experience. Learn more