| Saturday, 24th March 2012, 11:21 am

അവസാനത്തെ ചന്ദ്രഗ്രഹണം

ഡൂള്‍ന്യൂസ് ഡെസ്‌ക്


എഡിറ്റോ-റിയല്‍/ ബാബു ഭരദ്വാജ്
നേരുകള്‍ വീറോടെ പറയാന്‍ ആര്‍ജവവും വിവേകവുമുള്ള ഒരു ജനനേതാവിനെയാണ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സഖാവ് സി.കെ ചന്ദ്രപ്പന്റെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്. അതൊരു തീരാനഷ്ടവുമാണെന്ന് ഞങ്ങള്‍ കരുതുന്നു. കാരണം ഈ വല്ലാത്തൊരുകാലത്ത് നേരുകള്‍ തുറന്നടിക്കുന്ന നേതാക്കള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയല്ലോ, ” എന്തിനാണീ പൊല്ലാപ്പുകള്‍” എന്ന് കരുതി മൗനികളും മൃതികളുമായി മാറുകയോ ചെയ്തുകൊണ്ടിരിക്കുന്നു.

നിലവിലുള്ള സമവാക്യങ്ങള്‍ക്ക് എത്രതന്നെ അര്‍ഥം നഷ്ടപ്പെട്ടാലും ആ സമവാക്യങ്ങളില്‍ തളര്‍ന്ന് കിടന്ന് കപടജീവിതവും അതിനേക്കാള്‍ കാപട്യം നിറഞ്ഞ രാഷ്ട്രീയ ജീവിതവും തുടര്‍ന്നുകൊണ്ടിരിക്കുന്നു. വ്യവസ്ഥിതിയെ അട്ടിമറിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവര്‍ അവരേത് വ്യവസ്ഥയെ അട്ടിമറിക്കാനാണോ ഒരുമ്പെട്ടിറങ്ങിയത് ആ വ്യവസ്ഥയെത്തന്നെ നട്ടുനനച്ച് വളര്‍ത്താനും സംരക്ഷിക്കാനും താലോലിക്കാനും ബദ്ധശ്രദ്ധരായിരിക്കുന്നു. ഇത്തരമൊരുവസ്ഥയില്‍ ” അച്ഛന്‍ പത്തായത്തിലുണ്ടെന്ന്” നിഷ്‌കളങ്കമായ് സത്യം ബോധിപ്പിക്കാന്‍ സി.കെ ചന്ദ്രപ്പനെപ്പോലുള്ളവര്‍ ഉണ്ടാവേണ്ടിയിരുന്നു.

പറയേണ്ടത് പറയേണ്ടത്‌പോലെ പറയേണ്ട ഭാഷയില്‍ പറയാന്‍ സി.കെ ചന്ദ്രപ്പന് കഴിഞ്ഞിരുന്നു. അങ്ങിനെ പറഞ്ഞപ്പോഴൊക്കെ ഒരു മുനിയുടെ നിസ്സംഗഭാവവും സൗമനസ്യവും പുലര്‍ത്താന്‍ ചന്ദ്രപ്പന് കഴിഞ്ഞിരുന്നു. അതാണ് കാര്യം. കേള്‍ക്കേണ്ടവരുടെ മനസ്സിന്റെ ആഴങ്ങളില്‍ ആശങ്കയുണര്‍ത്തുന്ന ഒരു മുറിവ് ഉണ്ടാകണം, അതില്‍ നിന്ന് പ്രകോപനത്തിന്റെ ദുഷിച്ചരക്തം ഒഴുകി അന്തരീക്ഷത്തെ രൂക്ഷമാക്കാനും പാടില്ല. ഒരു പാരമ്പര്യവൈദ്യന്റെ കൃതഹസ്തതയാണിതില്‍ ചന്ദ്രപ്പന്‍ കാണിച്ചത്. രോഗം മാറാനുള്ള സിദ്ധൗഷധം അതില്‍ അടച്ചിരുന്നു. അത് കഴിക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വൈമനസ്യം കാണിച്ചു. അതിന്റെ കയ്പ് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലുമേറെയായത് കൊണ്ടാവണം ഈ അധീരത.

ഒരുപാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രീയ വ്യാപാരത്തില്‍, അഭിപ്രായ സമന്വയത്തിനൊപ്പം അഭിപ്രായവ്യത്യാസവും നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയ പരിസ്ഥിതിയില്‍, നിലപാടുകള്‍ തമ്മിലുള്ള സംഘര്‍ഷം പലപ്പോഴും രൂക്ഷമാകുന്ന ഒരു ജനാധിപത്യപ്രക്രിയയില്‍ വേറിട്ട സ്വരങ്ങള്‍ ഉയരണമെന്നുതന്നെയാണ് ഞങ്ങള്‍ ആത്മാര്‍ഥമായും ആഗ്രഹിക്കുന്നത്. ആ വേറിട്ട ശന്ബദങ്ങളെ അഭിസംബോധനചെയ്യാനുള്ള ദിശാബോധവും അനിവാര്യമാണ്. പാര്‍ട്ടികള്‍ അവയുടെ വലുപ്പച്ചെറുപ്പംകൊണ്ട് ഒന്ന് മറ്റേതിന് കീഴ്‌പ്പെടുന്ന ഒരുതരം അധമബോധം ഉണ്ടാവാനേ പാടില്ല. അതിന് പലപ്പോഴും ഒരു കീഴാളബോധം നമ്മുടെ രാഷ്ട്രീയ നേതാക്കളെ അശക്തരാക്കുന്നു.

രാഷ്ട്രീയം സ്ഥാനമാനങ്ങള്‍ പങ്കുവെയ്ക്കുന്ന പരസ്പരസഹായ സംഘമായി മാറുന്നു. ഇത്തരം ഒരു ദുര്‍വിധിയെ വെറുക്കാനാണ് സഖാവ് സി.കെ ചന്ദ്രപ്പന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത്. അത്തരം ശ്രമങ്ങള്‍ ഇടതുപക്ഷ മനസ്സുകളില്‍ ആദരവ് നേടിക്കൊടുത്തിരുന്നു. ചില കടുംപിടുത്തങ്ങളില്‍ നിന്ന് മുക്തരാവാന്‍ നമ്മളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ആശയങ്ങളുടെ ക്രിയാക്തമകമായ സംവാദങ്ങള്‍ക്കുള്ള അവസരമാണ് സി.കെ ചന്ദ്രപ്പന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമായിരിക്കുന്നത്. ആ നഷ്ടം നികത്താനുള്ള ശ്രമം നടത്തേണ്ടത് എല്ലാ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണെന്ന് ഞങ്ങള്‍ കരുതുന്നു. അതുകൊണ്ടു തന്നെയാണ് സി.കെ ചന്ദ്രപ്പന്റെ മരണം അകാലികവും അസാധാരണവുമായ മരണമാവുന്നതും ചന്ദ്രപ്പന്റെ നിയോഗം നമ്മുടെയൊക്കെ നിയോഗമായി മാറുന്നതും ആ നിയോഗം ഏറ്റെടുക്കാനുള്ള ആര്‍ജവം കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കാണിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്.

കേരളരാഷ്ട്രീയത്തില്‍ ഏറ്റവും അവസാനമായി സംഭവിച്ച ചന്ദ്രഗ്രഹണമായിരുന്നു ചന്ദ്രപ്പന്റേത്. അത് ഏതാനും നാഴികവിനാഴികകള്‍ കൊണ്ട് അവസാനിക്കുകയും ചെയ്തു. തിരുത്തിക്കുറിക്കേണ്ടിയിരുന്ന പലതും നൈമിഷികമായതുകൊണ്ട് തിരുത്തിക്കുറിക്കാതെ പോവുകയും ചെയ്തു.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more