പാലക്കാട്: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തങ്ങളുടെ മുഖ്യശത്രു ബി.ജെ.പിയാണെന്ന സത്യത്തിന് നേരെ കണ്ണടച്ചവരാണ് കേരളത്തിലെ കോണ്‍ഗ്രസെന്ന് ബിനോയ് വിശ്വം പറഞ്ഞു.
‘റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കും. കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാഷ്ട്രീയമുണ്ട്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിന് രാഷ്ട്രീയമില്ല. രാഷ്ട്രീയ ദൂരക്കാഴ്ചയില്ലാത്ത കോണ്‍ഗ്രസിന് മൂക്കിനപ്പുറം കാണാന്‍ അവര്‍ക്ക് കഴിയില്ല,’ ബിനോയ് വിശ്വം വ്യക്തമാക്കി.
ഇടതുപക്ഷത്തെയാണ് കോണ്‍ഗ്രസ് മുഖ്യശത്രുവായി കണ്ടത്. രാഹുല്‍ ഗാന്ധിയെ നിര്‍ബന്ധിച്ച് വയനാട്ടില്‍ മത്സരിപ്പിക്കാനെത്തിച്ച കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ചെയ്യുന്നത് മാപ്പില്ലാത്ത രാഷ്ട്രീയ തെറ്റാണെന്നും ബിനോയ് ബിശ്വം പറഞ്ഞു. ഈ രാഷ്ട്രീയ തെറ്റ് ഇനിയെങ്കിലും കോണ്‍ഗ്രസ് അംഗീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിലവിലെ കോണ്‍ഗ്രസിന്റെ തീരുമാനത്തെ സ്വീകരിക്കുകയും ബി.ജെ.പിക്കെതിരെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
റായ്ബറേലിയില്‍ ജയിച്ചാല്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുമോയെന്ന് ബിനോയ് വിശ്വം ചോദിച്ചു. ഇടത്തിനോടുള്ള വിരോധം മൂലം വയനാട്ടിലെ പ്രചരണത്തില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കോടികള്‍ ഒളിപ്പിച്ചത് കോണ്‍ഗ്രസിന്റെ പാപ്പരത്തെ വെളിപ്പെടുത്തുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
വയനാടിന് പുറമെ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന രണ്ടാം മണ്ഡലമാണ് റായ്ബറേലി. കഴിഞ്ഞ നിരവധി തവണകളായി സോണിയ ഗാന്ധിയായിരുന്നു റായ്ബറേലിയില്‍ നിന്ന് മത്സരിച്ചിരുന്നത്. അനാരോഗ്യം കണക്കിലെടുത്ത് സോണിയ ഗാന്ധി ഇത്തവണ ലോക്സഭയിലേക്ക് മത്സരിക്കുന്നില്ല. പകരം രാജസ്ഥാനില്‍ നിന്നും സോണിയയെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇതോടെയാണ് റായ്ബറേലിയില്‍ നിന്ന് കുടുംബത്തില്‍ നിന്നു തന്നെ സ്ഥാനാര്‍ത്ഥി വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. രാഹുല്‍ ഗാന്ധി ബി.ജെ.പിക്കെതിരെ നേരിട്ട് മത്സരിക്കുന്നില്ല എന്നത് വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.
Content Highlight: CPI says it will support Rahul Gandhi in Rae Bareli