മലപ്പുറം: പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റോപോര്‍ട്ടില്‍ കെ.ഇ. ഇസ്മയിലിനെതിരെ രൂക്ഷവിമര്‍ശനം. കെ.ഇ. ഇസ്മയില്‍ യു.എ.ഇ.യില്‍ ആഡംബര സൗകര്യങ്ങളില്‍ താമസിച്ചു, പാര്‍ട്ടി അറിയാതെ വിദേശത്ത് പിരിവ് നടത്തി തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് റിപോര്‍ട്ടിലുള്ളത്. ഇതിനോടുള്ള പ്രതികരണമായി “പാര്‍ട്ടി നേതാക്കളുടെ വിദേശ യാത്രകളും ഫണ്ട് പിരിവും പാര്‍ട്ടിയുടെ തത്വങ്ങള്‍ക്കും നിലപാടുകള്‍ക്കും അനുസൃതമാക്കണ”മെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
എന്നാല്‍ ആ യാത്രയുടെയും താമസത്തിന്റെയും ചെലവുകള്‍ ഒരു സുഹൃത്താണു നിര്‍വഹിച്ചത് എന്ന് ഇസ്മയില്‍ വിശദീകരണം നല്‍കി. ആരുടെ ചെലവിലായാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് ഇത്തരം ആഡംബര വാസം പാടുള്ളതല്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ വസ്തുതകള്‍ വിശദീകരിക്കാന്‍ പോലും ഇസ്മയില്‍ തയ്യാറായില്ലെന്നും കമ്മ്യൂണിസ്റ് പാര്‍ട്ടിക്കുനിരക്കാത്ത പ്രവൃത്തിയാണ് ഇസ്മയിലില്‍ നിന്നുണ്ടായതെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടു എന്നും സംഭവത്തെകുറിച്ച് അന്വേഷിച്ച സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ വ്യക്തമാക്കുന്നു.