| Sunday, 2nd June 2019, 11:23 pm

എന്‍.കെ പ്രേമചന്ദ്രനെതിരായ വ്യക്തിഹത്യയും സംഘി ആരോപണവും തിരിച്ചടിയായെന്ന് സി.പി.ഐ അവലോകനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനെതിരെ നടത്തിയ വ്യക്തിഹത്യയും സംഘി ആരോപണവുമാണ് ഇടതുപക്ഷത്തിന് തിരിച്ചടിയായതെന്ന് സി.പി.ഐ അവലോകനം.

സി.പി.ഐയുടെ കൊല്ലം ജില്ലാ എക്‌സിക്യൂട്ടീവില്‍ നടന്ന തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് വിലയിരുത്തല്‍ നടത്തിയത്. പ്രചാരണത്തിന് എത്തിയ ചില സി.പി.ഐ.എം നേതാക്കള്‍ പ്രേമചന്ദ്രനെതിരെ അതിര് വിട്ട് സംസാരിച്ചെന്നും ജില്ലാ എക്‌സിക്യൂട്ടീവില്‍ നിരീക്ഷണമുയര്‍ന്നു.

പത്തനാപുരത്ത് കേരള കോണ്‍ഗ്രസ് ബി ഉണ്ടായിട്ടും തെരഞ്ഞെടുപ്പില്‍ പ്രയോജനമുണ്ടായില്ലെന്നും ജില്ലാ എക്‌സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു. അതേസമയം കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്റെ സ്വീകരണ യോഗത്തിനിടെ ഇന്ന് അക്രമണം ഉണ്ടായി. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റിട്ടുണ്ട്. ഒരു പൊലീസുകാരനും പരിക്കേറ്റു.

ആക്രമണത്തിന് പിന്നില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. പരവൂരിലെ സ്വീകരണത്തിന് ശേഷം പൂതക്കുളം പഞ്ചായത്തിലേക്കു പോകുമ്പോഴായിരുന്നു സംഭവം.

വഴിയരികില്‍ എം.പിയുടെ വാഹനം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തതോടെ പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് എന്‍.കെ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പരവൂര്‍ പാരിപ്പള്ളി റോഡ് യൂ.ഡി.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
DoolNews Video

We use cookies to give you the best possible experience. Learn more