കോഴിക്കോട്: ഇനി തണ്ടര്‍ബോള്‍ട്ട് വനത്തില്‍ പോകുമ്പോള്‍ സി.പി.ഐ നേതാക്കളെക്കൂടി വനത്തിലേക്കു കൊണ്ടുപോകണമെന്ന മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ പരിഹാസത്തിനു മറുപടിയുമായി സി.പി.ഐ. സെന്‍കുമാര്‍ ഇങ്ങനെ പറഞ്ഞത് ഉത്തരേന്ത്യയില്‍ നടന്ന പല സംഭവങ്ങളെക്കുറിച്ചും അറിവില്ലാത്തതുകൊണ്ടാണെന്നും മാവോയിസ്റ്റ് ഭീഷണി ഉണ്ടാകുമ്പോള്‍ അവയെ നേരിടാനും ചെറുത്തുനില്‍ക്കാനും സി.പി.ഐ നേതാക്കള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ പറഞ്ഞു.
തണ്ടര്‍ബോള്‍ട്ട് വനത്തില്‍ പോകുമ്പോള്‍ സച്ചിദാനനന്ദന്‍, ബിനോയ് വിശ്വം, കാനം തുടങ്ങിയവരെ മുന്നില്‍ കൊണ്ടുപോകണമെന്നും വെടിവരുമ്പോള്‍ അറസ്റ്റ് ചെയ്യാന്‍ ഒരു റിട്ടയേര്‍ഡ് ജഡ്ജി നല്ലതാണെന്നുമായിരുന്നു സെന്‍കുമാറിന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘വീണ്ടും മാവോയിസ്റ്റ്-പൊലീസ് വെടിവെപ്പ്. ഇനി തണ്ടര്‍ബോള്‍ട്ട് വനത്തില്‍ പോകുമ്പോള്‍ സച്ചിദാനന്ദന്‍, ബിനോയ് വിശ്വം, കാനം തുടങ്ങിയവരെ മുന്നില്‍ കൊണ്ടുപോകണം. വെടിവരുമ്പോള്‍ അറസ്റ്റ് ചെയ്യാന്‍ ഒരു റിട്ടയേര്‍ഡ് ജഡ്ജ് നല്ലതാണ്.
നിലമ്പൂര്‍ അന്വേഷണം എന്തായി? കാട് മാവോവാദികള്‍ക്കു പതിച്ചുനല്‍കിയാല്‍ പ്രശനം തീരും. അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ മാന്യന്മാരെ വെടിക്കുള്ള പരിചയാക്കിയാലും പ്രശ്‌നം തീരും. മുട്ട് നോക്കി വെടിവെക്കാമല്ലോ. വെടി നേരിടേണ്ടവനെ അതിന്റെ വിഷമം അറിയൂ. സ്വന്തം ജീവന്‍ വെടിയുണ്ടയ്ക്കു മുന്നില്‍ വെച്ച് ഈ മാന്യന്മാര്‍ പറയട്ടെ.’- സെന്‍കുമാര്‍ പറഞ്ഞു.
ഐ.എ.എസ് ഉദ്യോഗസ്ഥനായ അലക്സ് പോളിനെ മാവോയിസ്റ്റുകള്‍ ബന്ധിയാക്കിയപ്പോള്‍ ഘോരവനത്തിനുള്ളില്‍പ്പോയി അദ്ദേഹത്തെ മോചിപ്പിച്ചത് സി.പി.ഐയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവും ആദിവാസി മഹാസഭാ അഖിലേന്ത്യാ നേതാവുമായ മനീഷ് കുഞ്ചാമാണെന്ന് സി.പി.ഐ ഇതിനു മറുപടിയായി പറഞ്ഞു.
ബി.ജെ.പിയുടെ പുത്തന്‍ കൂട്ടുകാരനായ സെന്‍കുമാര്‍ കേന്ദ്രസര്‍ക്കാരിനെ ന്യായീകരിക്കാനായി സി.പി.ഐ നേതാക്കളുടെ മേല്‍ കുതിര കയറേണ്ടതില്ലെന്നും സി.പി.ഐ പറഞ്ഞു.
മാവോയിസ്റ്റ് ഭീഷണി ഉണ്ടാകുമ്പോള്‍ അവയെ നേരിടാനും ചെറുത്തു നില്‍ക്കാനും സി.പി.ഐ നേതാക്കള്‍ മാത്രമേ ഉണ്ടായിട്ടുള്ളു. ഐ.എ.എസ് ഉദ്യോഗസ്ഥനായ അലക്സ് പോളിനെ മാവോയിസ്റ്റുകള്‍ ബന്ധിയാക്കിയപ്പോള്‍ ഘോരവനത്തിനുള്ളില്‍ പോയി അദ്ദേഹത്തെ മോചിപ്പിച്ചത് സി.പി.ഐയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവും ആദിവാസി മഹാസഭാ അഖിലേന്ത്യാ നേതാവുമായ മനീഷ് കുഞ്ചാമാണ്.
അദ്ദേഹത്തെക്കൊണ്ടു മാത്രമേ അലക്സ് പോളിനെ മോചിപ്പിക്കാന്‍ കഴിയൂവെന്ന് ഗവണ്‍മെന്റിനോട് പറഞ്ഞത് അവിടത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്. മനീഷ്‌കുഞ്ചാമിന്റെയും കാനം രാജേന്ദ്രന്റെയും ബിനോയ് വിശ്വത്തിന്റെയും കൈയ്യിലുള്ളത് ഒരേ പാര്‍ട്ടി കാര്‍ഡാണ്.
ബി.ജെ.പിയുടെ പുത്തന്‍ കൂട്ടുകാരനായ ടി.പി സെന്‍കുമാര്‍ കേന്ദ്രസര്‍ക്കാരിനെ ന്യായീകരിക്കാനായി സി.പി.ഐ നേതാക്കളുടെ മേല്‍ കുതിരകയറേണ്ടതില്ല. അദ്ദേഹം കുറേ എഴുത്തും വായനയും ശീലമുള്ള ആളാണെന്നാണ് കരുതുന്നത്. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രം ഒന്നു വായിച്ചുനോക്കി അഭിപ്രായപ്രകടനം നടത്തുന്നതു നന്നായിരിക്കും.’- സി.പി.ഐ വ്യക്തമാക്കി.