| Saturday, 6th April 2024, 5:05 pm

സി.എ.എ, യു.എ.പി.എ റദ്ദാക്കും; രാഷ്ട്രപതി ഭരണം, പാഠപുസ്തകത്തിലെ കാവിവത്കരണം അവസാനിപ്പിക്കും; സി.പി.ഐയുടെ പ്രകടന പത്രിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് സി.പി.ഐയും. സി.എ.എ, യു.എ.പി.എ റദ്ദാക്കും, രാഷ്ട്രപതി ഭരണം നിര്‍ത്തലാക്കും തുടങ്ങിയ വാഗ്ദാനങ്ങളുമായി സി.പി.ഐയുടെ പ്രകടന പത്രിക. ദല്‍ഹിയില്‍ നടന്ന യോഗത്തില്‍ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

സി.എ.എ റദ്ദാക്കും, ജാതി സെന്‍സസ് നടപ്പിലാക്കും, രാഷ്ട്രപതി ഭരണം നിര്‍ത്തലാക്കും, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനം 700 രൂപയായി ഉയര്‍ത്തും, പഴയ പെന്‍ഷന്‍ സ്‌കീം നടപ്പാക്കുമെന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലൂടെ സി.പി.ഐ മുന്നോട്ട് വെച്ചിരിക്കുന്നത്.

പാഠപുസ്തകത്തിലെ കാവിവത്കരണം അവസാനിപ്പിക്കുമെന്നും ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. കൂടാതെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ പാര്‍ലമെന്റിന്റെ നിയന്ത്രണത്തിലാക്കുമെന്നും നീതി ആയോഗിന് പകരം പ്ലാനിങ് കമ്മീഷനെ തിരിച്ചുകൊണ്ടുവരുമെന്നും പത്രികയില്‍ പറയുന്നു.

കേന്ദ്ര ഭരണപ്രദേശങ്ങളായ പുതുച്ചേരിക്കും ദല്‍ഹിക്കും പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്നും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരികെ നല്‍കുമെന്നും സി.പി.ഐ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ആന്ധ്രാ പ്രാദേശിന് പ്രത്യേക പദവി നല്‍കുമെന്നും സി.പി.ഐ പറയുന്നു. അഗ്‌നിപഥ് സ്‌കീം റദ്ദാക്കുമെന്നും സി.പി.ഐ വാഗ്ദാനം ചെയ്തിട്ടുണ്ട്.

മൗലാന ആസാദ് ഫെലോഷിപ്പ് പുനഃസ്ഥാപിക്കും, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം, മിനിമം താങ്ങുവിലയടക്കം കര്‍ഷകര്‍ക്ക് ഉറപ്പാക്കുന്ന സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കും, തൊഴില്‍ മൗലിക അവകാശമാക്കും, പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തും തുടങ്ങിയവും ഉള്‍പ്പെടുന്നതാണ് സി.പി.ഐയുടെ പ്രകടന പത്രിക.

Content Highlight: CPI released election manifesto

We use cookies to give you the best possible experience. Learn more