ന്യൂദല്‍ഹി: കനയ്യകുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരണവുമായി സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. കനയ്യയുടേത് കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന് രാജ പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് കനയ്യ അറിയിക്കുകയായിരുന്നുവെന്നും ആളുകള്‍ വരുകയും പാര്‍ട്ടിയെ വഞ്ചിച്ച് പോകുകയും ചെയ്യുമെന്നും രാജ പറഞ്ഞു. ഇതില്‍ തളരാതെ സി.പി.ഐ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പാര്‍ട്ടി ഒരു വ്യക്തിയില്‍ അധിഷ്ഠിതമല്ല. മാന്ത്രിക വിദ്യയിലൂടെയല്ല കനയ്യ നേതാവായത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ജെ.എന്‍.യു സമരം ആരംഭിച്ചത്.
സെപ്റ്റംബര്‍ ആദ്യം ചേര്‍ന്ന സി.പി.ഐ ദേശീയ കമ്മറ്റി യോഗത്തില്‍ കനയ്യ പങ്കെടുത്തിരുന്നു. ഒരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉയര്‍ത്തിയിരുന്നില്ല. അഭ്യൂഹം ഉണ്ടായപ്പോള്‍ പോലും പാര്‍ട്ടി വിടുന്ന കാര്യം പറഞ്ഞില്ല. അദ്ദേഹം സ്വയം പുറത്തു പോയതാണ്. പാര്‍ട്ടിയോട് സത്യസന്ധത കാണിച്ചില്ല’ രാജ പറയുന്നു.
എന്നാല്‍ കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചു എന്ന അഭിപ്രായം തനിക്കില്ലെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുന്നത്.
‘കനയ്യയുടെ തീരുമാനം നിര്‍ഭാഗ്യകരമാണ്. സി.പി.ഐ വിട്ട് കനയ്യ പോകില്ല എന്നാണ് കരുതിയത്.അങ്ങനെയാണ് സി.പി.ഐ നേതൃത്വം തന്നോട് പറഞ്ഞിരുന്നത്. കനയ്യയ്ക്ക് ബീഹാര്‍ ഘടകവുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അത് പരിഹരിച്ചതുമാണ്. എന്നിട്ടും എന്തു കൊണ്ട് പാര്‍ട്ടി വിട്ടു പോയി എന്നറിയില്ല’ കാനം രാജേന്ദ്രന്‍ പറഞ്ഞു.
അതേസമയം എ.ഐ.സി.സി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് കനയ്യ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ഇരുവരെയും കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. കനയ്യ കുമാറിനെ പോലുള്ളവര്‍ പാര്‍ട്ടിയില്‍ എത്തുന്നത് അഭിമാനമാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ഫാസിസത്തിനെതിരായ പോരാട്ടത്തിന് ഇരുവരും മുന്നില്‍ ഉണ്ടാകുമെന്നും ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
നേരത്തെ രാഹുല്‍ ഗാന്ധിക്കൊപ്പം ഇരുവരും ദല്‍ഹിയിലെ ഐ.ടി.ഒയിലെ രക്തസാക്ഷി പാര്‍ക്കില്‍ എത്തുകയും ഭഗത് സിംഗിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസില്‍ കനയ്യയുടെയും ജിഗ്‌നേഷിന്റെയും ചുമതല എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്തമല്ല. എന്നാല്‍ യുവജനതയെ കോണ്‍ഗ്രസിലേക്ക് എത്തിക്കുന്നതിനായി ഇരുവരെയും ഉപയോഗിച്ച് പ്രചാരണം നടത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
ബീഹാറില്‍ കനയ്യയ്ക്കും ഗുജറാത്തില്‍ ജിഗ്‌നേഷിനും ഉയര്‍ന്ന പദവി നല്‍കാനാണ് സാധ്യത. നേരത്തെ തന്നെ കനയ്യ പാര്‍ട്ടി വിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ശനിയാഴ്ച ജിഗ്നേഷ് മേവാനി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് അഭ്യൂഹം ശക്തിപ്പെട്ടത്.
താനും കനയ്യയും സെപ്റ്റംബര്‍ 28 ന് കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.