കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഏഴ് ദിവസത്തെ നിരോധനാജ്ഞ നിലനില്‍ക്കെ സി.പി.ഐ.ക്ക് മാത്രം പരിപാടി നടത്താന്‍ ഇളവ് നല്‍കിയ നടപടി വിവാദമാകുന്നു. പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പരിപാടി നടത്താന്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഭരണത്തിന്റെ തണലില്‍ സി.പി.ഐ മാത്രം ഇളവ് നേടിയെന്നാണ് ഉയരുന്ന വിമര്‍ശനം.
അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൂടുതല്‍ അക്രമത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണക്കിലെടുത്തയിരുന്നു നടപടി. സംഘം ചേരലുള്‍പ്പടെ തടയുന്ന വിധത്തിലാണ് ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷന്‍ പരിധിയല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ നിയമം മറികടന്നാണ് സി.പി.ഐ നഗരത്തില്‍ പരിപാടി സംഘടിപ്പിച്ചത്.
ഈ മാസം 25 മുതല്‍ 29 വരെ കൊല്ലത്ത് നടക്കുന്ന സി.പി.ഐ 23 ാം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന വേദിയായ സി.കെ ചന്ദ്രപ്പന്‍ നഗറിലേക്കുള്ള പതാക ജാഥക്കാണ് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഒരുക്കിയത്. വൈകീട്ട് 6.30 ഓടെ കോഴിക്കോട് നഗരത്തിലെത്തിയ ജാഥയെ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് പൊതുയോഗം സംഘടിപ്പിച്ച് സ്വീകിരക്കുകയായിരുന്നു. നൂറോളം പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് ജാഥ നഗരത്തില്‍ പ്രവേശിച്ചത്. ഇ.കെ വിജയന്‍ എം.എല്‍.എ ജാഥ ക്യാപ്റ്റന്‍ സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം തുടങ്ങിയ നേതാക്കളായിരുന്നു സമ്മേളനത്തല്‍ പങ്കെടുത്തത്.
മുതലക്കുളത്ത് വെച്ച് നടത്താനിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തേക്ക് മാറ്റിയത്. നിരോധരാജ്ഞയുള്ളതിനാല്‍ ചെറിയ പരിപാടി നടത്താനായിരുന്നു പൊലീസ് അനുമതി നല്‍കുകയായിരുന്നത്. എന്നാല്‍ ഇത് ലംഘിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിനടുത്തുള്ള പാര്‍ട്ടി ഓഫീസ് പരിസരത്ത് മൈക്കും സ്റ്റേജും കെട്ടി വലിയ പരിപാടിയാണ് നടത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി കാളീരാജ് മഹേഷ് കുമാര്‍ പറഞ്ഞു.
നഗരത്തില്‍ നേരത്തെ നിശ്ചയിച്ച പല പരിപാടികളും നിരോധനാജ്ഞയെ തുടര്‍ന്ന് മാറ്റിവെച്ച സാഹചര്യത്തിലാണ് സി.പി.ഐയുടെ പരിപാടി നടന്നത്. കലക്ട്രേറ്റ് പടിക്കല്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പങ്കെടുക്കുന്ന പരിപാടിക്ക് കഴിഞ്ഞ ദിവസം അനുമതി നിഷേധിച്ചിരുന്നു. എസ്.ഡി.പി.ഐ പരിപാടിയും മാറ്റിവെച്ചിരുന്നു.
തിങ്കളാഴ്ച സംസ്ഥാനത്ത് നടന്ന അപ്രഖ്യാപിത ഹര്‍ത്താലും തുടര്‍ ആക്രമണ സംഭവങ്ങളും കണക്കിലെടുത്തായിരുന്നു കോഴിക്കോട് നഗരത്തില്‍ ഏഴു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറാണ് നഗരത്തില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്നാണ് വരുംദിവസങ്ങളില്‍ ബി.ജെ.പി ഉള്‍പ്പെടെ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്ത് പരിപാടികള്‍ക്ക് അനുമതി നിഷേധിച്ചത്.
അതേസമയം തിങ്കളാഴ്ച്ച നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരനടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹര്‍ത്താലിന്റെ ഭാഗമായി പിടിയിലായവര്‍ സംഘപരിവാര്‍ ബന്ധമുള്ളവരാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. കൊല്ലം, തെന്മല സ്വദേശി അമര്‍നാഥ് ബൈജുവാണ് അപ്രഖ്യാപിത ഹര്‍ത്താലിന്റെ സൂത്രധാരന്‍. ഇയാളടക്കം അഞ്ചുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം കുന്നപ്പുഴ സ്വദേശി എം.ജെ.സിറിള്‍, നെല്ലിവള സ്വദേശി സുധീഷ്, അഖില്‍, നെയ്യാറ്റിന്‍കര സ്വദേശി ഗോകുല്‍ ശേഖര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വോയിസ് ഓഫ് യൂത്ത് എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പ് വഴി പ്രാദേശികമായ ഗ്രൂപ്പുകളുണ്ടാക്കാന്‍ മുഖ്യ സൂത്രധാരന്മാരായി പ്രവര്‍ത്തിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്ക് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ പദ്ധതികളുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്. പ്രതികളെല്ലാം കൊല്ലം,തിരുവനന്തപുരം സ്വദേശികളാണ്. തിരുവനന്തപുരത്തു നിന്നാണ് ഇവരെ പിടികൂടിയത്.