| Wednesday, 9th October 2019, 8:17 pm

ആര്‍.എസ്.എസിനെ പ്രതിരോധിക്കാന്‍ വേദവും സൂഫിസവും ക്രൈസ്തവ വിശ്വാസവും; സി.പി.ഐയുടെ നേതൃത്വത്തില്‍ 'ഭാരതീയം 2019'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: വര്‍ഗീയതയെ നേരിടാനും പുതു തലമുറയെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുമായി വേദവും സൂഫിസവും ക്രൈസ്തവ വിശ്വാസവും പഠിപ്പിക്കാനൊരുങ്ങി സി.പി.ഐ. ആദ്യഘട്ടം കണ്ണൂരില്‍ ഈ മാസം ആരംഭിക്കും.

കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.ഇ ബലറാം സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ആദ്യഘട്ട പരിപാടി സംഘടിപ്പിക്കുന്നത്. ഈ മാസം 25 മുതല്‍ 27 വരെ നടക്കുന്ന സെമിനാറിന് ‘ഭാരതീയം 2019’ എന്നാണു പേരിട്ടിരിക്കുന്നത്. സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജയാണ് ഉദ്ഘാടനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വേദം, പുരാണം, ഉപനിഷത്, ഇതിഹാസം, സൂഫിസം ക്രൈസ്തവ വിശ്വാസം എന്നിവയിലാണ് ക്ലാസ് നല്‍കുക. ഇതുകൂടാതെ കമ്മ്യൂണിസ്റ്റ് ജീവിതരീതിയും സെമിനാറിലെ പഠനവിഷയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം സി.എന്‍ ചന്ദ്രന്‍ ന്യൂസ് 18-നോടു പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കാണ് സെമിനാറില്‍ പ്രവേശനം. ഭാരവാഹികളുടെ വിശദമായ സൂക്ഷ്മ പരിശോധനകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സെമിനാറിലേക്കു തെരഞ്ഞെടുക്കപ്പെടുന്നതിനു രാഷ്ട്രീയം മാനദണ്ഡമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കായി വേദങ്ങളെയും ഉപനിഷത്തുക്കളെയും ദുര്‍വ്യാഖ്യാനം ചെയ്യുന്ന ആര്‍.എസ്.എസിനെ പ്രതിരോധിക്കുകയാണ് സെമിനാര്‍ കൊണ്ടുദ്ദേശിക്കുന്നതെന്ന് ചന്ദ്രന്‍ പറഞ്ഞതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു.

ആറുമാസത്തിനകം സംസ്ഥാനത്തു മുഴുവന്‍ സെമിനാര്‍ നടത്താനാണ് സി.പി.ഐ ഉദ്ദേശിക്കുന്നത്.

We use cookies to give you the best possible experience. Learn more