തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി സി.പി.ഐ. സി.എ.എയുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടികളും സ്റ്റേ ചെയ്യണമെന്നാണ് സി.പി.ഐയുടെ ആവശ്യം. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്നത് ഭയാനകമായ നിയമമാണെന്ന് സി.പി.ഐ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിവരയിട്ട് പറയുന്നതായി അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാല്‍ ഈ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തുറുപ്പ് ചീട്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വാദമുയര്‍ത്തി. നിയമം നടപ്പായാല്‍ മുഖ്യമന്ത്രി പറയുന്നത് പോലെ ഒരു സംസ്ഥാനത്തിനും മാറി നില്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.എ.എ ക്കെതിരെ തലസ്ഥാനത്ത് പ്രതിഷേധിച്ച 124 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ എം.എസ്.എഫ്, ഫ്രറ്റേണിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്.
ഇതിനുപുറമെ കോഴിക്കോട് നടന്ന സി.എ.എ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ്, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.
ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചതിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍.പി.എഫ് നടപടിയെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജില്ലയിലെ ആകാശവാണിയിലേക്ക് നടത്തിയ പ്രതിഷേധത്തിലാണ് ഫ്രറ്റേണിറ്റി പ്രവത്തകര്‍ക്കെതിരെ കേസെടുത്തത്.
Content Highlight: CPI petitioned the Supreme Court against the Citizenship Amendment Act