സി.പി.ഐ പേരാമ്പ്ര മണ്ഡലം ഓഫീസ് നിര്‍മാണം നഞ്ചഭൂമിയില്‍; പഞ്ചായത്ത് പെര്‍മിറ്റ് റദ്ദാക്കിയിട്ടും നിര്‍മ്മാണം തുടര്‍ന്ന് സി.പി.ഐ; ഉദ്ഘാടനത്തിനെത്തുന്നത് കാനം
Focus on Politics
സി.പി.ഐ പേരാമ്പ്ര മണ്ഡലം ഓഫീസ് നിര്‍മാണം നഞ്ചഭൂമിയില്‍; പഞ്ചായത്ത് പെര്‍മിറ്റ് റദ്ദാക്കിയിട്ടും നിര്‍മ്മാണം തുടര്‍ന്ന് സി.പി.ഐ; ഉദ്ഘാടനത്തിനെത്തുന്നത് കാനം
ലിജിന്‍ കടുക്കാരം
Friday, 27th April 2018, 11:20 am

കോഴിക്കോട്: സി.പി.ഐയുടെ പേരാമ്പ്ര മണ്ഡലം ഓഫീസ് നിര്‍മ്മാണം വിവാദത്തില്‍. നഞ്ചഭൂമിയിലാണ് സി.പി.ഐയുടെ കെട്ടിട നിര്‍മാണമെന്ന് ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് ഏപ്രില്‍ 4 നു പഞ്ചായത്ത് പെര്‍മിറ്റ് റദ്ദാക്കുകയും സ്റ്റോപ്പ മെമ്മോ നല്‍കുകയും ചെയ്തിട്ടും നിര്‍മാണം തുടരുന്നെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

കീഴാറ്റൂര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്റെ വിവിധയിടങ്ങില്‍ കൃഷിഭൂമി മണ്ണിട്ട് നികത്തുന്നതിനെതിരെ സി.പി.ഐ പരസ്യമായി രംഗത്ത് വരുമ്പോഴാണ് പാര്‍ട്ടി ഓഫീസിനായി വയല്‍ മണ്ണിട്ട് നികത്തിയെന്നുള്ള ആരോപണം. ഏപ്രില്‍ നാലിനായിരുന്നു പേരാമ്പ്ര പഞ്ചായത്ത് പെര്‍മിറ്റ് റദ്ദാക്കുകയും സ്റ്റോപ്പ മെമ്മോ നല്‍കുകയും ചെയ്തത്. എന്നാല്‍ ഇത് അവഗണിച്ച് ഓഫീസിന്റെ പ്ലാസ്റ്ററിങ്ങ് പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുകയാണ്.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയാണ് സി.പി.ഐ മണ്ഡലം സെക്രട്ടറിക്ക് ഇതുസംബന്ധിച്ച നോട്ടീസ് കൈമാറിയത്. “പഞ്ചായത്ത് 6 ാം വാര്‍ഡില്‍ മേഞ്ഞ്യാണം വില്ലേജില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഭൂമി നഞ്ച വിഭാഗത്തില്‍പ്പെട്ടതാണെന്ന രേഖകള്‍ പരിശോധിച്ചതില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ആയതിനാല്‍ 2017 ലെ കേരള തണ്ണീര്‍ത്തടസംരക്ഷണ ഓര്‍ഡിനന്‍സ് പ്രകാരം ഭൂമിയുടെ തരംമാറ്റിയ രേഖകള്‍ ഹാജരാക്കിയതിനു ശേഷമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുള്ളൂ” എന്നാണ് നോട്ടീസില്‍ പറയുന്നത്.

എന്നാല്‍ ഇത് അവഗണിച്ചും കെട്ടിട നിര്‍മാണം തുടരുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മേയ് ആറിനു ഉദ്ഘാടനം നിശ്ചയിച്ചാണ് കെട്ടിട നിര്‍മ്മാണം. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയാണ് ഓഫീസിന്റെ ഉദ്ഘാടകനായി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കൃഷി ഭൂമികളുടെ കൈയ്യേറ്റത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്ന കാനം രാജേന്ദ്രന്‍ എങ്ങിനെയാണ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

മേഞ്ഞാണ്യം വില്ലേജിലെ പേരാമ്പ്ര പൈതോത്ത് റോഡിലാണ് വയല്‍ നികത്തിയ നാലുസെന്റില്‍ സി.പി.ഐ ഓഫീസ് ഉയരുന്നത്. കേരള തണ്ണീര്‍ത്തട നിയമ പ്രകാരം സ്റ്റോപ്പ് മെമ്മോ നല്‍കിയ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും ഇതൊന്നും കണ്ടില്ലെന്ന് നടിക്കാതെ മുന്നോട്ടു പോകുകയാണ് കോഴിക്കോട്ടെ സി.പി.ഐ നേതൃത്വം.

അതേസമയം 2017 ലെ കേരള തണ്ണീര്‍ത്തട സംരക്ഷണ ഓര്‍ഡിനന്‍സ് പ്രകാരം ഭൂമിയുടെ തരം മാറ്റിയ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ ഇനി നിര്‍മ്മാണാനുമതി നല്‍കൂവെന്ന നിലപാടിലാണ് പഞ്ചായത്ത്. സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനെതിരെ പഞ്ചായത്ത് അധികൃതരും രംഗത്തെത്തിക്കഴിഞ്ഞു. സ്റ്റോപ്പ് മെമ്മോ മറികടന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ നടപടിയുണ്ടാകുമെന്നു എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് അധികൃതര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നുണ്ടെങ്കിലും സി.പി.ഐ ഉദ്ഘാടനത്തിനു മുന്നേ പണിതീര്‍ക്കുകയെന്ന ലക്ഷ്യവുമായാണ് മുന്നോട്ട് പോകുന്നത്.

സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും പണിതുടരുകയാണെങ്കില്‍ പൊളിച്ചുമാറ്റാന്‍ അധികാരമുണ്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറി പറയുന്നതെന്ന് മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെട്ടിട നിര്‍മാണത്തിനെതിരെ പരസ്യമായി വിവിധ രാഷ്ട്രീയ സംഘടനകളും രംഗത്തെത്തി കഴിഞ്ഞു. പേരാമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗും യുവമോര്‍ച്ചയും അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.

എന്നാല്‍ കെട്ടിട നിര്‍മാണം നിയമാനുസൃതമാണെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് സി.പി.ഐയുടെ വാം. “ഈ ഭൂമി 2008 ലെ ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടതല്ല. കെട്ടിടത്തിനു പഞ്ചായത്ത് ലൈസന്‍സ് നല്‍കിയതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് വാങ്ങിയ ഈ സ്ഥലത്ത് പീറ്റത്തെങ്ങുകള്‍ ഉള്‍പ്പെടെയുള്ള മരങ്ങളുണ്ട്.” സിപി.ഐ പറയുന്നു.


You Must Read This: ഗോരഖ്പൂര്‍ ശിശുമരണം: കഫീല്‍ ഖാന് ചികിത്സാ പിഴവ് സംഭവിച്ചെന്നതിന് തെളിവില്ലെന്ന് അലഹബാദ് ഹൈക്കോടതി


 

കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ നടത്തിയ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച സി.പി.ഐ രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. മുന്നണിയിലെ പ്രബല ശക്തിയായ സി.പി.ഐ.എം നിലപാടിനു വിരുദ്ധ നിലപാടുമായായിരുന്നു സി.പി.ഐയും യുവജനവിഭാഗമായ എ.ഐ.വൈ.എഫും രംഗത്തെത്തിയത്.

എന്നാല്‍ നഞ്ച ഭൂമി നികത്തി ഓഫീസ് പണിയുന്നതിനെതിരെ ഇതുവരെ എ.ഐ.വൈ.എഫ് നേതാക്കള്‍ രംഗത്ത് വന്നില്ലെന്നത് സംഘടനയുടെ ഇരട്ടത്താപ്പിന്റെ ഉദാഹരണമാണെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു.