'അദ്വാനി ബാബരി മസ്ജിദ് പൊളിച്ച കേസിലെ പ്രതി'; എല്‍.കെ. അദ്വാനിക്ക് ഭാരതരത്‌ന നല്‍കിയതിനെതിരെ സി.പി.ഐ
national news
'അദ്വാനി ബാബരി മസ്ജിദ് പൊളിച്ച കേസിലെ പ്രതി'; എല്‍.കെ. അദ്വാനിക്ക് ഭാരതരത്‌ന നല്‍കിയതിനെതിരെ സി.പി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th February 2024, 3:55 pm

ഹൈദരാബാദ്: ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിക്ക് ഭാരതരത്‌ന നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ്.

ബാബരി മസ്ജിദ് പൊളിച്ച കേസിലെ പ്രതിയാണ് അദ്വാനിയെന്നും മസ്ജിദ് പൊളിച്ചത് ഹീനമായ കുറ്റകൃത്യമാണെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തന്നെ നിരീക്ഷിച്ചതാണെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു. ഹൈദരാബാദില്‍ നടന്ന സി.പി.ഐയുടെ ദേശീയ എക്‌സിക്യൂട്ടീവിലാണ് ഡി.രാജയുടെ പരാമര്‍ശം.

രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന, എല്‍.കെ. അദ്വാനിക്ക് നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ അപാകതയുണ്ടെന്നും ഈ കാര്യത്തില്‍ ശക്തമായ ചര്‍ച്ചകള്‍ വേണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.

സി.പി.ഐ ദേശീയ കൗണ്‍സില്‍ യോഗത്തെ അഭിവാദ്യം ചെയ്തുകൊണ്ട് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് നിഷ്പക്ഷമോ നീതിപൂര്‍വമോ ആയിരിക്കില്ലെന്ന് സി.പി.ഐ മുന്‍ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി പറഞ്ഞു.

നിലവില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍, സുപ്രീം കോടതി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങള്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ നട്ടെല്ല് വളച്ചു നില്‍ക്കുന്ന അപമാനകരമായ കാഴ്ചയാണ് കാണാനാവുന്നതെന്നും സി.പി.ഐ വിമര്‍ശിച്ചു.

അയോധ്യയിലെ ക്ഷേത്രവും രാമനുമാണ് നരേന്ദ്ര മോദിയുടെ അവസാനത്തെ തുറുപ്പ് ചീട്ടെന്നും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ജനാധിപത്യത്തെ സംബന്ധിച്ച് അതീവ നിര്‍ണായകമായിരിക്കുമെന്നും സി.പി.ഐ ചൂണ്ടിക്കാട്ടി.

രാജ്യത്തെ കര്‍ഷകരെയും തൊഴിലാളികളെയും ഇതര ബഹുജന വിഭാഗങ്ങളെയും അണിനിരത്തി ജനാധിപത്യത്തിന്റെ വിജയം ഉറപ്പാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമസ്ത ശക്തിയും സമാഹരിച്ച് മുന്നോട്ടുവരണമെന്ന് സുധാകര്‍ റെഡ്ഡി ആഹ്വാനം ചെയ്യുകയും ചെയ്തു.

അദ്വാനിക്ക് ഭാരതരത്‌ന കൊടുത്തതിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ രാഷ്ട്രീയവത്ക്കരണം നടത്തുകയാണെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

Content Highlight: CPI opposes Bharat Ratna award to LK Advani