| Thursday, 8th October 2020, 10:31 am

ജോസ് കെ.മാണി എല്‍.ഡി.എഫില്‍ വന്നിട്ട് എന്ത് പ്രയോജനം? എതിര്‍പ്പ് പരസ്യമാക്കി സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ജോസ് കെ. മാണി ഇടതുമുന്നണിയില്‍ വരുന്നത് കൊണ്ട് കാര്യമായ ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് സി.പി.ഐ കോട്ടയം ജില്ലാ നേതൃത്വം. കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍.ഡി.എഫിലെടുക്കുന്നതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി.

‘യു.ഡി.എഫ് വിട്ടുപോരുന്നതില്‍ അതൃപ്തരാണ് അവരുടെ അണികളിലെ പ്രധാനപ്പെട്ട ഒരു ഭാഗം. മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വലിയ അത്ഭുതമൊന്നും അവര്‍ വരുന്നത് കൊണ്ട് ഉണ്ടാവുമെന്ന അഭിപ്രായം ഞങ്ങള്‍ക്കില്ല’, സി.കെ.ശശിധരന്‍ പറഞ്ഞു.

ജോസ് കെ.മാണിയുടെ വരവ് സംബന്ധിച്ച് മുന്നണിയില്‍ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. സി.പി.ഐയുടെ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് എം.എല്‍.എമാര്‍ മാത്രമുള്ള പാര്‍ട്ടിയാണ് ജോസ് കെ. മാണിയുടേതെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നത്. സി.പി.ഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കാന്‍ ഇപ്പോഴും അവര്‍ തയ്യാറായിട്ടില്ലെന്നാണ് സൂചന.

അതേസമയം, ജോസ്.കെ മാണി ഇടത് മുന്നണിയുടെ ഭാഗമായാലും പാലാ സീറ്റ് നല്‍കി വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി എന്‍.സി.പി രംഗത്തെത്തി. രാജ്യസഭ സീറ്റ് വാങ്ങി പാലാ വിട്ടുകൊടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച മാണി സി.കാപ്പന്‍ ആരുടെയും ഔദാര്യത്തില്‍ രാജ്യസഭയിലേക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

കേരള കോണ്‍ഗ്രസ് ജന്മദിനമായ വെള്ളിയാഴ്ച സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷം മുന്നണി മാറ്റം സംബന്ധിച്ചുള്ള നിലപാട് ജോസ് കെ.മാണി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ജോസ് കെ.മാണിയെ മുന്നണിയിലെടുക്കുന്നതില്‍ അനുകൂല നിലപാടാണ് സി.പി.ഐ.എം സ്വീകരിക്കുന്നത്. കോട്ടയം ജില്ലയിലെ മൂന്ന് സഹകരണസംഘങ്ങള്‍ സി.പി.ഐ.എമ്മുമായി ചേര്‍ന്ന് ജോസ് കെ.മാണി പക്ഷം കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPI Oppose Jose K Mani LDF Entry

Latest Stories

We use cookies to give you the best possible experience. Learn more