| Friday, 24th May 2019, 8:36 am

സി.പി.ഐ.എം ദേശീയ പാര്‍ട്ടിയായി തുടരും; സി.പി.ഐയ്ക്ക് നഷ്ടമാവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സി.പിഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും. അതേ സമയം സി.പി.ഐ.എം ദേശീയപാര്‍ട്ടിയായി തുടരും. മൂന്നു മാനദണ്ഡങ്ങളാണ് ദേശീയ പാര്‍ട്ടിയായി പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നത്.

അവസാനം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ (ലോക്‌സഭ-നിയമസഭ) നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സാധുവായ വോട്ടിന്റെ ആറു ശതമാനമെങ്കിലും ലഭിക്കണം. ഏതെങ്കിലുമൊരു സംസ്ഥാനത്ത് നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ ലോക്‌സഭയിലേക്ക് നാലംഗങ്ങളെയെങ്കിലും ജയിപ്പിക്കണം.

മാനദണ്ഡം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൊത്തം സീറ്റുകളുടെ രണ്ട് ശതമാന (11 അംഗങ്ങള്‍) ത്തില്‍ കുറയാത്ത അംഗങ്ങള്‍ വിജയിച്ചിരിക്കണം. അവര്‍ മൂന്നില്‍ കുറയാതെ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാവണം.

നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരം

മൂന്നാമത്തെ മാനദണ്ഡമനുസരിച്ചാണ് സി.പി.ഐ.എം ദേശീയപാര്‍ട്ടിയായി തുടരുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ 2029 വരെ പദവി നിലനിര്‍ത്തുന്നതിന് പാര്‍ട്ടിയ്ക്ക് കഴിയും. അതേസമയം ദേശീയപാര്‍ട്ടി സ്ഥാനം നഷ്ടമായെങ്കിലും 2021 വരെ പദവി സി.പി.ഐയ്ക്ക് ലഭിക്കും.

സി.പി.ഐ.എം മത്സരിച്ചത് 45 സീറ്റുകളും സി.പി.ഐ 55 സീറ്റുകളിലുമാണ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. യഥാക്രമം മൂന്നും രണ്ടും സീറ്റുകളാണ് പാര്‍ട്ടികള്‍ക്ക് ലഭിച്ചിട്ടുള്ളത്.

സി.പി.ഐ.എമ്മിന് ഏറ്റവും കുറവ് സീറ്റുകള്‍ ലഭിച്ച വര്‍ഷമാണിത്. 2014 ല്‍ 9 ഉം 2009ല്‍ 19 ഉം സീറ്റുകളാണ് പാര്‍ട്ടിയ്ക്ക് ലഭിച്ചിരുന്നത്. 2004ല്‍ 43 സീറ്റുകള്‍ ലഭിച്ചതാണ് ഏറ്റവും വലിയ റെക്കോര്‍ഡ്

.

We use cookies to give you the best possible experience. Learn more