തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം. ജനയുഗം പത്രത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ‘ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുക’ എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തിലാണ് സര്‍ക്കാരിനും കെ ടി ജലീലിനുമെതിരെ വിമര്‍ശനമുന്നയിച്ചത്.
വന്‍കിട വ്യവസായ ലോബികളും റിസോര്‍ട്ട് മണല്‍ മാഫിയകളും ഊഹക്കച്ചവടക്കാരും ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയ്ക്ക് അന്യമാണ്. ഇവര്‍ക്ക് വ്യക്തി താത്പര്യങ്ങള്‍ സംരക്ഷിക്കാനായി ഗവണ്‍മെന്റിനെ സ്വാധീനിക്കാന്‍ കഴിയാത്തതു കൊണ്ടായിരിക്കും ബ്യൂറോക്രാറ്റുകളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതെന്നും അവരുടെ വലയില്‍ വീണു പോയാല്‍ അതിനും സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരുമെന്നും ലേഖനത്തില്‍ പറയുന്നു.
ഭരണതലങ്ങളില്‍ സ്വാധീനം ചെലുത്താനും സര്‍ക്കാര്‍ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചന്‍മാരെ തിരിച്ചറിയണമെന്നും ലേഖനത്തില്‍ പറയുന്നു.
‘തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ അല്ലെങ്കില്‍ തന്നെയും അവരുടെ ആകര്‍ഷകമായ സംഭാഷണ ചാതുര്യവും പ്രസരിപ്പും ഒരു മുതലാളിത്ത സാമൂഹ്യവ്യവസ്ഥയില്‍ അധികാരത്തിലിരിക്കുന്ന പലരെയും സ്വാധീനിക്കുന്നുണ്ടാവാം. വ്യവസായ വികസനത്തിന്റെ പേരിലും സമ്പദ്ഘടനാ വളര്‍ച്ചയ്ക്കുമെന്ന പേരിലും ഐടി സഹായത്താല്‍ വെറും കടലാസ് പ്രോജക്ടുകളുമായി ഭരണതലങ്ങളില്‍ സ്വാധീനിക്കാനും സര്‍ക്കാര്‍ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചന്മാരെ ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോള്‍ തിരിച്ചറിയണം. ഇത്തരം പ്രതിഭാസങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ല,’ ലേഖനത്തില്‍ പറയുന്നു.
മന്ത്രി കെ.ടി ജലീലിനെ പരോക്ഷമായും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. വിദേശ കോണ്‍സുലേറ്റുമായി ചട്ടം ലംഘിച്ച് ചിലര്‍ ബന്ധപ്പെടുന്നത് അന്വേഷിക്കണമെന്നാണ് ലേഖനത്തില്‍ വിശദീകരിക്കുന്നത്.
‘വിദേശ കോണ്‍സുലേറ്റ് ഓഫീസുകളുമായി ബന്ധപ്പെടുന്നതിനും നമ്മുടെ രാജ്യത്ത് വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളുമുണ്ട്. അത് ചിലര്‍ ദുരുപയോഗം ചെയ്യുന്നു എന്നതും അന്വേഷിക്കേണ്ടതാണ്,’ ലേഖനത്തില്‍ പറയുന്നു.
സ്പ്രിംക്ലര്‍ വിവാദത്തിനിടെയും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ