കോഴിക്കോട്: മിസ്ഡ് കോള്‍ അടിച്ചല്ല സി.പി.ഐ പാര്‍ട്ടിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ഡി.രാജ. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ചെറുപ്പക്കാരെ ആകര്‍ഷിക്കാനാവുന്നില്ലെന്നതും പ്രസക്തി നിലനിര്‍ത്തുന്നതുമാണ് ഇടതുപാര്‍ട്ടികള്‍ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘പ്രതിസന്ധിയെങ്കില്‍ അതു ബി.ജെ.പിക്കുമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പു ജയിച്ചെന്നു കരുതി ചെറുപ്പക്കാരെല്ലാം മോദിയുടെ പിന്നാലെ പോകുന്നില്ല. ചെറുപ്പക്കാര്‍ക്ക് അവരുടേതായ താല്‍പര്യങ്ങളുണ്ട്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും അവരെ അലട്ടുന്നു.
ചെറുപ്പക്കാരെ ഞങ്ങളും ആകര്‍ഷിക്കുന്നുണ്ട്. അവരൊന്നും മിസ്ഡ് കോള്‍ അംഗങ്ങളല്ല. ഇന്ത്യയിലെ മാത്രമല്ല, ഒരു രാജ്യത്തെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്യാനാവില്ല. സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ നീതിയെന്നത് ഏതു രാജ്യത്തെയും പ്രശ്‌നമാണ്. അതൊക്കെ ഏറ്റെടുക്കാനും ജനത്തെ നയിക്കാനും സാധിക്കുന്നതു കമ്യൂണിസ്റ്റുകള്‍ക്കാണ്.’
അതേസമയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഗൗരവതരമായ രീതിയില്‍ ആത്മപരിശോധന നടത്തണമെന്ന് ഇപ്പോഴത്തെ സാഹചര്യം ആവശ്യപ്പെടുന്നു, തന്ത്രങ്ങളും പരിഷ്‌കരിക്കണം. പുനരേകീകരണവും ആവശ്യമാണ്.’
ഐക്യത്തെയും തത്വാധിഷ്ഠിത പുനരേകീകരണത്തെയുംകുറിച്ച് സി.പി.ഐ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കയ്യടിക്കണമെങ്കില്‍പോലും രണ്ടു കയ്യും വേണം. ആ തിരിച്ചറിവു മറ്റുള്ളവര്‍ക്കും വേണം.