'എനിക്ക് ഗോഡ്ഫാദറുമില്ല, എനിക്കു വേണ്ടി സംസാരിക്കാനും ആളില്ല'; ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ വിമര്‍ശനവുമായി സി. ദിവാകരന്‍
Kerala
'എനിക്ക് ഗോഡ്ഫാദറുമില്ല, എനിക്കു വേണ്ടി സംസാരിക്കാനും ആളില്ല'; ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ വിമര്‍ശനവുമായി സി. ദിവാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th April 2018, 11:19 am

 

കൊല്ലം: സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് സി. ദിവാകരനെ ഒഴിവാക്കി. ദേശീയ കൗണ്‍സിലില്‍ നിന്ന് തന്നെ ഒഴിവാക്കിയതില്‍ കേരള നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി സി. ദിവാകരന്‍ തന്നെ രംഗത്തെത്തിയിരിക്കയാണ്.

രാഷ്ട്രീയത്തില്‍ എനിക്ക് ഒരു ഗോഡ്ഫാദറില്ല. അതാണ് ഇത്തരമൊരു ഒഴിവാക്കല്‍ ഉണ്ടാകാന്‍ കാരണം. ആരുടെയും സഹായം തേടി ചെല്ലാന്‍ താന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകര്‍ റെഡ്ഡിയുടെ തണലില്‍ നില്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ദിവാകരന്‍ വ്യക്തമാക്കി.

മാത്രമല്ല പ്രായത്തെ ബഹുമാനിക്കുന്നവരാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കള്‍. പാര്‍ട്ടിയുടെ ഈ നടപടിയില്‍ തനിക്ക് നിരാശയില്ലെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപണം: യു.പിയില്‍ രണ്ട് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു


ദേശീയ കൗണ്‍സിലില്‍ നിന്നാണ് തന്നെ ഒഴിവാക്കിയത്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കത്തതില്‍ ആശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ എങ്ങനെയാണോ പാര്‍ട്ടിയില്‍ എത്തിപ്പെട്ടത് അതുപോലെത്തന്നെ തുടരുമെന്നും പാര്‍ട്ടിക്കാരനായി തന്നെ പ്രവര്‍ത്തിക്കുമെന്നും സി. ദിവാകരന്‍ വ്യക്തമാക്കി.

ദിവാകരനെ കൂടാതെ സി.എന്‍ ചന്ദ്രന്‍, സത്യന്‍ മൊകേരി, കമല സദാനന്ദന്‍ എന്നിവരെയും ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കേരളത്തില്‍ നിന്ന് അഞ്ച് പേര്‍ പുതുതായി ദേശീയ കൗണ്‍സില്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

കെ.പി രാജേന്ദ്രന്‍, എന്‍. രാജന്‍, എന്‍.അനിരുദ്ധന്‍, പി. വസന്തം, ഇ. ചന്ദ്രശേഖരന്‍ എന്നിവരാണ് കൗണ്‍സിലിലെത്തിയ പുതുമുഖങ്ങള്‍. അതേസമയം പാര്‍ട്ടിയുടെ ഭരണഘടനയനുസരിച്ചാണ് പട്ടികയില്‍ നിന്നും 20 ശതമാനം പേരേ ഒഴിവാക്കിയതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.