സി.പി.ഐ ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്ന് ഏഴ് പുതുമുഖങ്ങള്‍; വി.എസ്. സുനില്‍ കുമാറിനെ ഉള്‍പ്പെടുത്തിയില്ല, കെ.ഇ. ഇസ്മായിലും, പന്ന്യന്‍ രവീന്ദ്രനും ഒഴിവായി
വിജയവാഡ: ദേശീയ-സംസ്ഥാന ഭാരവാഹികള്‍ക്ക് പ്രായപരിധി ഭേദഗതി സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചതോടെ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ പുതിയ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവായി.
കെ.ഇ. ഇസ്മായില്‍, പന്ന്യന്‍ രവീന്ദ്രന്‍, എന്‍. അനിരുദ്ധന്‍, ടി.വി. ബാലന്‍, സി.എന്‍. ജയദേവന്‍, എന്‍. രാജന്‍ എന്നിവരാണ് ഒഴിവായത്. കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനവും പന്ന്യന്‍ രവീന്ദ്രന്‍ ഒഴിഞ്ഞു.
കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലിലുള്ളവരുടെ അംഗസംഖ്യ 11ല്‍ നിന്നും 13 ആയി ഉയര്‍ന്നു. കേരളത്തില്‍ നിന്ന് പുതിയ ദേശീയ കൗണ്‍സിലിലേക്ക് ഏഴ് പുതുമുഖങ്ങള്‍ എത്തി. ഇതില്‍ നാല് മന്ത്രിമാരും ഉള്‍പ്പെടുന്നു. എന്നാല്‍ മുന്‍ മന്ത്രി വി.എസ്. സുനില്‍ കുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
മന്ത്രിമാരായ കെ. രാജന്‍, ജി.ആര്‍. അനില്‍, പി. പ്രസാദ്, ചിഞ്ചു റാണി എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തിയത്. കൂടാതെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, രാജാജി മാത്യു തോമസ്, പി.പി. സുനീര്‍ എന്നിവരും ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായി.
അതേസമയം, ദേശീയ സെക്രട്ടറിയായി ഡി. രാജ തുടരാനാണ് സാധ്യത. രാജക്കെതിരെ പൊതുചര്‍ച്ചയില്‍ കേരള ഘടകത്തിലെ നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ദേശീയ നേതൃത്വം അലസത കാണിക്കുന്നുവെന്ന് മന്ത്രി പി. പ്രസാദ് ആരോപിച്ചു.
നേതൃപദവിയില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കണം. പദവികള്‍ അലങ്കാരമായി കൊണ്ടുനടക്കരുത്. യുദ്ധം തോല്‍ക്കുമ്പോള്‍ സേനാ നായകര്‍ പദവി ഒഴിഞ്ഞ ചരിത്രമാണുള്ളതെന്നും കേരള ഘടകം വിമര്‍ശിച്ചിരുന്നു.
അതേസമയം, സി.പി.ഐ.എം പ്രായപരിധി കര്‍ശനമാക്കിയതിന് പിന്നാലെയാണ് സി.പി.ഐയും അതേ പാതയിലേക്ക് ചുവടുവെച്ചിരിക്കുന്നത്. ദേശീയ- സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരമാവധി പ്രായം 75 വയസായാണ് തീരുമാനിച്ചിരിക്കുന്നത്.
ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് 45 വയസും, ജില്ലാ സെക്രട്ടറിമാര്‍ക്ക് 60 വയസായും പ്രായം നിജപ്പെടുത്തി. പാര്‍ട്ടി കമ്മിറ്റികളില്‍ 15 ശതമാനം വനിത സംവരണവും, പട്ടികവിഭാഗങ്ങളുടെയും, ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യും.