ന്യൂദല്‍ഹി: ഇസ്രഈലിലേക്ക് ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച് സി.പി.ഐ നേതാവും എം.പിയുമായ ബിനോയ് വിശ്വം. ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വര്‍ക്കിംഗ് പെര്‍മിറ്റ് റദ്ദാക്കിയ 90000 ഫലസ്തീനി തൊഴിലാളികള്‍ക്ക് പകരമായി ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ദാരിദ്ര്യവും തൊഴിലില്ലായ്മയും കാരണമാണ് ഇത്തരം തുച്ഛമായ വരുമാനം ലഭിക്കുന്ന ജോലിക്ക് വിദേശത്ത് പോകാന്‍ തൊഴിലാളികളെ നിര്‍ബന്ധിതരാക്കുന്നതെന്നും യുദ്ധം കാരണം നശിച്ച ഒരു രാജ്യത്തേക്ക് പാവപ്പെട്ട തൊഴിലാളികളെ അയക്കുന്നത് ലജ്ജാകരമാണെന്നും ബിനോയ് വിശ്വം കത്തില്‍ പറഞ്ഞു.
‘യഥാര്‍ഥ കണക്കുകള്‍ പ്രകാരം ഒരു മാസമായി നടക്കുന്ന യുദ്ധത്തില്‍ ഗസയില്‍ പതിനായിരത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. ഏകദേശം 1400 ഓളം ഇസ്രഈലികളും കൊല്ലപ്പെട്ടു. ഇത്തരമൊരു സംഘര്‍ഷ മേഖലയിലേക്ക് ഇന്ത്യന്‍ തൊഴിലാളികളെ അയക്കുമ്പോള്‍ അവരുടെ സുരക്ഷ സര്‍ക്കാരിന്റെ മുന്നില്‍ ഒരു ചോദ്യചിഹ്നമാണ്. നിങ്ങളുടെ സര്‍ക്കാറിന് കീഴിലുള്ള ദാരിദ്ര്യവും തൊഴിലില്ലായ്മയും കാരണമാണ് ഇത്തരം തുച്ഛമായ വരുമാനം ലഭിക്കുന്ന ജോലിക്ക് വിദേശത്ത് പോകാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നത്. യുദ്ധം കാരണം നശിച്ച ഒരു രാജ്യത്തേക്ക് പാവപ്പെട്ട തൊഴിലാളികളെ അയക്കുന്നത് ലജ്ജാകരമാണ്,’ ബിനോയ് വിശ്വം കത്തില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന്റെ ഇസ്രയേല്‍ അനുകൂല നിലപാട് കാലങ്ങളായി ഇന്ത്യ പിന്തുടരുന്ന ഫലസ്തീന്‍ അനുകൂല നിലപാടില്‍ നിന്നുള്ള വ്യതിചലനമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധഭൂമിയിലേക്ക് ഇന്ത്യക്കാരെ നിര്‍ബന്ധിച്ച് അയക്കാനുള്ള നീക്കം ഉപേക്ഷിക്കാനും ഫലസ്തീന് ഇന്ത്യ നല്‍കി വന്നിരുന്ന പിന്തുണ തുടരണമെന്നും ബിനോയ് വിശ്വം കത്തിലാവശ്യപ്പെട്ടു.
ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വര്‍ക്കിംഗ് പെര്‍മിറ്റ് റദ്ദാക്കിയ 90000 ഫലസ്തീനി തൊഴിലാളികള്‍ക്ക് പകരമായി ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഉടനടി ഒരുലക്ഷം തൊഴിലാളികളെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് ഇസ്രഈല്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടതായി മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ രാജ് കൗള്‍ എക്സില്‍ കുറിച്ചിരുന്നു. ഇപ്പോള്‍ തങ്ങള്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തുകയാണെന്നും ഇന്ത്യയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ 42000 തൊഴിലാളികള്‍ക്ക് നിര്‍മാണ, നഴ്സിങ് മേഖലയില്‍ ജോലി ചെയ്യുന്നതില്‍ അനുമതി നല്‍കികൊണ്ടുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.
50,000 മുതല്‍ 100,000 തൊഴിലാളികളെ നിലവില്‍ ഇസ്രഈലിന് ആവശ്യമുണ്ടെന്നും അതിലൂടെ എല്ലാ മേഖലകളും പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കുമെന്നും സാധാരണഗതിയിലേക്കുള്ള തിരിച്ചുവരവിനെ സഹായിക്കുമെന്നും ഇസ്രഈല്‍ ബില്‍ഡേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഹെയിം ഫെയ്ഗ്ലിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
CONTENT HIGHLIGHT :CPI MP Viswam writes letter to PM, registers ‘protest’ to send Indians into conflict zone in Israel